സിപിഎമ്മും നേതാക്കളുമെല്ലാം പ്രതിരോധത്തിലാകുമ്പോഴും വിവാദത്തിലകപ്പെടുമ്പോഴും പാർട്ടിയ്ക്ക് വേണ്ടി നാവുയർത്തുന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് പോരാളി ഷാജി. പാർട്ടിയെ എല്ലാ കാലവും സംരക്ഷിച്ചുപോന്നിരുന്ന പേജിനെ കണ്ണൂർ സിപിഎം സെക്രട്ടറി എംവി ജയരാജൻ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി പോരാളി ഷാജി പേജ് തന്നെ നേരിട്ട് രംഗത്തെത്തി. പോരാളി ഷാജിയുടെ അഡ്മിൻ ഐഡന്റിന്റി വെളിപ്പെടുത്തണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു കഴിഞ്ഞു.
എന്നാൽ അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്നും ഇത്രയും വലിയ തോൽവിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്നും പോരാളി ഷാജി തിരിച്ചടിച്ചിരുന്നു.
ഇതിനിടെ പോരാളി ഷാജി പേജിന്റെ പ്രൊഫൈൽ ചിത്രവും ചർച്ചയാവുകയാണ്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ജനസേന പാർട്ടിയുടെ അദ്ധ്യക്ഷനും തെലുങ്ക് സിനിമയിലെ സൂപ്പർതാരവുമായ പവൻ കല്യാണിന്റെ പഴയകാല ചിത്രമാണ് പോരാളിഷാജിയുടെ മുഖചിത്രം. ആന്ധ്രയിൽ കഴിഞ്ഞ ദിവസമാണ് പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തത്. ബിജെപിയുമായും നരേന്ദ്ര മോദിയുമായും അടുത്ത ബന്ധമുള്ള പവൻ കല്യാണിന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയത്. പോരാളി ഷാജിയ്ക്ക് മാസ് കാണിക്കാൻ ഇനിയും പവൻ കല്യാണിന്റെ മുഖചിത്രം വേണോയെന്ന് ചോദിക്കുന്നവരും കുറവല്ല.
Discussion about this post