ന്യൂഡൽഹി : ദിവസേന ഒന്നോ രണ്ടോ സ്പാം കോളുകൾ എങ്കിലും നമ്മുടെ എല്ലാവരുടെയും മൊബൈൽ ഫോണുകളിൽ വരാറുണ്ട്. എന്നാൽ ഇത്തരം സ്പാം കോളുകളുടെ നിയന്ത്രണത്തിനുള്ള നടപടികളിലേക്ക് കടക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രാജ്യത്തെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങൾക്ക് പുതിയ 160 മൊബൈൽ ഫോൺ സീരീസ് അനുവദിച്ചുകൊണ്ടാണ് ട്രായ് സ്പാം കോളുകൾക്കെതിരായ നടപടികൾക്ക് തുടക്കമിടുന്നത്.
നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ട്രായ് ആർബിഐ, സെബി, ഐആർഡിഎഐ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, എല്ലാ ടെലികോം സേവന ദാതാക്കളുടെയും പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 160 മൊബൈൽ സീരീസ് നടപ്പിലാക്കിയാൽ സ്പാം കോളുകളെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും.
പുതിയ 160 സീരീസിൻ്റെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് റെഗുലേറ്റർമാർ, സ്ഥാപനങ്ങൾ, ടെലികോം സേവന ദാതാക്കൾ എന്നിവർക്കിടയിൽ ബോധവൽക്കരണം നടത്താനും ട്രായ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പുതിയ രീതി നടപ്പിൽ വരുത്തുന്നതോടെ 10 അക്ക നമ്പറുകളിൽ നിന്നുള്ള സ്പാം കോളുകൾക്ക് കാര്യമായ നിയന്ത്രണം പ്രതീക്ഷിക്കുന്നതായും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
Discussion about this post