തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിൽ നിന്നും അംഗീകാരം ലഭിച്ചു. കസ്റ്റംസ് അനുമതി ലഭിച്ചതോടെ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. തുറമുഖത്തിന് സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി.
തുറമുഖത്തിന്റെ അംഗീകാരത്തിനായി കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ട് വച്ചിരുന്ന മാർഗ്ഗനിർദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അനുമതി ലഭിച്ചിരിക്കുന്നത്. കെട്ടിടങ്ങൾ, ഓഫീസ് സൗകര്യങ്ങൾ, മികച്ച സെർവർ റൂമുകൾ, കമ്പ്യൂട്ടർ സംവിധാനങ്ങൾ തുടങ്ങി 12 മാർഗനിർദേശങ്ങൾ ആയിരുന്നു കസ്റ്റംസ് മുന്നോട്ടുവച്ചിരുന്നത്.
കേന്ദ്ര കസ്റ്റംസ് മന്ത്രാലയം പറഞ്ഞ സമയത്തിനുള്ളിൽ മാർഗ്ഗനിർദേശങ്ങൾ പൂർത്തീകരിച്ചതോടെ തുറമുഖത്തിന്റെ പ്രവർത്തനത്തിന് കസ്റ്റംസ് അനുമതി നൽകുകയായിരുന്നു. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തിനായി ഇനി വിഴിഞ്ഞം തുറമുഖത്തിന് പ്രവർത്തനമാരംഭിക്കാൻ കഴിയുന്നതാണ്.












