ഭൂലോകത്തെ ശക്തികേന്ദ്രങ്ങളിലൊന്നായി അനുദിനം വളരുകയാണ് ഭാരതം. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായി ഇന്ത്യ മാറിയിരിക്കുന്നു. മദ്ധ്യവർത്തിയായും പ്രശ്നപരിഹാരിയായും തങ്ങളുടെ ശബ്ദമായുമെല്ലാം രാജ്യങ്ങൾ ഇന്ത്യയെ കണ്ട് തുടങ്ങിയിരിക്കുന്നു. ഇന്ത്യ വിദേശരാജ്യങ്ങളോട് വച്ചുപുലർത്തുന്ന നയതന്ത്രബന്ധം കണ്ട് ആശ്ചര്യപ്പെടുകയാണ് ആളുകൾ.
ഇന്ത്യയുടേത് ധർമ്മപാതയുടേതെന്ന വ്യക്തമായ ചിത്രം ഇപ്പോൾ ലോകരാഷ്ട്രങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ പൊതുവായ എന്തെങ്കിലും പ്രശ്നം ഉടലെടുക്കുമ്പോൾ ഇന്ത്യ ആരുടെ ഭാഗത്താണ്? എന്താണ് നിലപാടെന്നറിയാൻ ആളുകൾ കാത്തിരിക്കുന്നു.
ഇപ്പോഴിതാ ഇന്ത്യുടെ പ്രധാന്യം വാനോളമെന്ന് തെളിയിക്കുന്ന ഒരുസംഭവം കൂടി ഉണ്ടായിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഒരു രാഷ്ട്രം. പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയാണ് ഇന്ത്യയുടെ സഹായം തേടി കൈകൾ നീട്ടിയിരിക്കുന്നത്. വെടി നിർത്തലിനും മാനുഷിക സഹായങ്ങൾക്ക് വേണ്ടിയും ഇന്ത്യ ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മൂന്നാമതും പ്രധാനമന്ത്രിയയതിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്. നേരത്തെ റഷ്യ-യുക്രൈയ്ൻ സംഘർഷം കൊടുമ്പനിരികൊണ്ടപ്പോഴും സമാധാനസ്ഥാപനത്തിനായി ഇന്ത്യ ഇടപെടണമെന്ന് പല കോണുകളിൽ നിന്നും അഭ്യർത്ഥനകൾ ഉയരുകയും ഇരുരാഷ്ട്രങ്ങളുടെ ഭരണാധികാരികളുമായി നരേന്ദ്രമോദി സംസാരിക്കുകയും ചെയ്തിരുന്നു.
ആഗോള നേതാവെന്ന നിലയിലും മനുഷ്യാവകാശങ്ങളെയും സമാധാനത്തെയും വിലമതിക്കുന്ന രാഷ്ട്രമെന്ന നിലയിലും ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കാൻ ഭാരതത്തിന് സാധിക്കും. ഗാസയിലെ ജനങ്ങളെ സഹായിക്കണം. ഉടൻ തന്നെ വെടിനിർത്തലിന് നയതന്ത്രപരമായി ഇടപെടണം. ഗാസയ്ക്ക് മാനുഷിക സഹായം വർധിപ്പിക്കാനും, പാലസ്തീൻ പൗരന്മാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാനും ഭാരതം എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും മുഹമ്മദ് മുസ്തഫ കത്തിൽ പറയുന്നു. പാലസ്തീൻ ജനതയെ തുടർച്ചയായി പിന്തുണയ്ക്കുന്നതിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായും മുസ്തഫ പറഞ്ഞു.രാഷ്ട്ര സേവനത്തോടുള്ള സമർപ്പണത്തിന്റേയും ആഗോള തലത്തിലെ പുരോഗതിയുടെയും നേട്ടമാണ് നരേന്ദ്ര മോദിയെ മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്നും മുസ്തഫ പറയുന്നുണ്ട്.
എന്തായാലും ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടെന്താണെന്ന് കാത്തിരിക്കുകയാണ് ആളുകൾ. നിലവിൽ ഇസ്രായേലുമായി നല്ല ബന്ധമാണ് ഇന്ത്യ സൂക്ഷിക്കുന്നത്. ചരിത്രപരമായ പല സഹായങ്ങളും മറന്നുകൊണ്ടുള്ള പ്രവർത്തിയ്ക്ക് ഇന്ത്യ ഒരുങ്ങില്ലെന്ന് ഉറപ്പാണ്. എന്നാൽ പലസ്തീന്റെ ദുരിതത്തിന് മേൽ കണ്ണടയ്ക്കാനും രാജ്യം ഒരുക്കമല്ല. നേരത്തെ യുഎന്നിൽ അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ടകരടുപ്രമേയത്തിൽ ഇന്ത്യ വോട്ട് ചെയ്തിരുന്നു. ദ്വിരാഷ്ട്രപദവിയാണ് പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യ കാണുന്ന പരിഹാരം. എന്തായാലും പ്രധാനമന്ത്രി ഈ വിഷയത്തിൽ എന്താണ് പ്രതികരിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ.
Discussion about this post