കുവൈറ്റ് സിറ്റി : കുവൈറ്റിലെ മംഗഫിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് ഭരണകൂടം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 12.5 ലക്ഷം ഇന്ത്യൻ രൂപയാണ് കുവൈറ്റ് സർക്കാർ സാമ്പത്തിക സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. 5000 ത്തോളം കുവൈത്തി ദിനാറിന് തുല്യമാണിത്. തീപിടുത്തത്തിൽ മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് ഈ തുക നൽകുന്നതാണ്.
കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ലേബർ ക്യാമ്പ് കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായിരുന്നത്. പ്രവാസി മലയാളിയായ കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിൽ ആയിരുന്നു തീ പിടിച്ചത്. അപകടത്തിൽ 25 മലയാളികൾ ഉൾപ്പെടെ 50 പേരാണ് മരിച്ചത്.
അപകടം നടന്ന സമയത്ത് തന്നെ കുവൈറ്റ് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു എങ്കിലും എത്ര തുക നൽകുമെന്ന് സംബന്ധിച്ച് ധാരണ ആയിട്ടുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയാണ് കുവൈറ്റ് ഭരണകൂടം മരിച്ചവർക്ക് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ തുക പ്രഖ്യാപിച്ചത്. ഇന്ത്യൻ എംബസി വഴിയായിരിക്കും ഈ തുക മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈമാറുക.
Discussion about this post