തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്കും മത്സ്യ-മാംസാദികൾക്കും വില കുതിച്ചുയരുന്നു. ഇതോടൊപ്പം അരിയുടെ വിലകൂടി വർദ്ധിച്ചതോടെ സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. കനത്ത വില നൽകിയാലും പച്ചക്കറികൾ കിട്ടാനില്ലാത്ത അവസ്ഥയാണ്.
നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നിൽക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ മത്സ്യ വിലയും കുതിക്കുന്നു. മത്തി വില 400 രൂപയിലെത്തി. 100 രൂപയുണ്ടായിരുന്ന മത്തിയാണ് 400 രൂപയിലേക്ക് എത്തിയത്.വൈപ്പിൻ ഹാർബറിൽ ചെറിയ അയലയ്ക്ക് 280 രൂപയും വലിയ അയലയ്ക്ക് 400 രൂപയുമാണ്. പൊന്നാനിയിൽ മത്തിക്ക് 350 രൂപയാണ് വില.ചിക്കന്റെ വിലയും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കിലോക്ക് 70രൂപയുടെ അടുത്താണ് കൂടിയത്. മുൻപ് 170രൂപ വരെ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 240രൂപയുടെ അടുത്താണ് ഒരു കിലോക്ക് വില.
അതേസമയം 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.












