എക്സൈസ് ഉദ്യോഗസ്ഥരുടെ അഴിമതിക്കും വഴിവിട്ട ഇടപാടുകൾക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി എം. ലിജു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ ചെന്ന് കെയ്സ് കണക്കിനാണ് സൗജന്യമായി മദ്യം ആവശ്യപ്പെടുന്നതെന്ന് ബാറുടമകൾ തന്നോട് നേരിട്ട് പരാതിപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി തുറന്നടിച്ചു. തിരുവനന്തപുരത്ത് എക്സൈസ് കമ്മീഷണറേറ്റിൽ എക്സൈസ് കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ സംസാരിക്കവേയായിരുന്നു മന്ത്രി ഉദ്യോഗസ്ഥർക്ക് നേരെ ആഞ്ഞടിച്ചത്.
ഇത്തരത്തിൽ അനധികൃതമായി മദ്യമോ മറ്റ് പാരിതോഷികങ്ങളോ വാങ്ങാൻ ഒരു ഉദ്യോഗസ്ഥനും അവകാശമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇനിയങ്ങോട്ട് ഇത്തരം പരിപാടികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, മാമൂലുകൾ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ബാറുകളിൽ ബട്ടൺ ക്യാമറകൾ വെച്ച് പകർത്തി തനിക്ക് നൽകാൻ ബാറുടമകളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. തെറ്റായ വഴിയിൽ സഞ്ചരിക്കുന്ന പല ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങളും കൃത്യമായ രേഖകളും തന്റെ പക്കലുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയപരിധികൾ ലംഘിച്ച് പുലർച്ചെ അഞ്ച് മണിക്ക് വരെ സംസ്ഥാനത്ത് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ഉദ്യോഗസ്ഥർ കാണുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. ഇതുസംബന്ധിച്ച് തനിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ബാറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പ്രദേശത്തെ എക്സൈസ് ഉദ്യോഗസ്ഥർക്കാണെന്നും, അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.












