മുംബൈ : മുകേഷ് അംബാനിയുടെ ഡീപ് ഫേക്ക് വീഡിയോ ഉൾപ്പെടുത്തിക്കൊണ്ട് നിക്ഷേപ തട്ടിപ്പ്. മുംബൈ സ്വദേശിയായ ഡോക്ടർക്ക് ഈ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 7 ലക്ഷം രൂപയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ ഡോക്ടറായ ഡോക്ടർ കെകെഎച്ച് പാട്ടീലിനെ ആണ് തട്ടിപ്പുകാർ ഇരയാക്കിയത്.
തട്ടിപ്പുകാർ നിക്ഷേപം നടത്താൻ ആവശ്യപ്പെട്ട സ്ഥാപനത്തെക്കുറിച്ച് മുകേഷ് അംബാനി മികച്ച അഭിപ്രായം പങ്കുവെക്കുന്ന ഡീപ് ഫേക്ക് വീഡിയോ ആണ് ഡോക്ടറെ ഈ കമ്പനിയിലേക്ക് ആകർഷിച്ചിരുന്നത്. എന്നാൽ ഇത് വ്യാജ വീഡിയോ ആയിരുന്നു എന്ന് ഡോക്ടർ അറിഞ്ഞിരുന്നില്ല. തുടർന്ന് ഈ തട്ടിപ്പ് കമ്പനിയിൽ ഡോക്ടർ 7 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ലാഭവിഹിതത്തിനായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി വ്യക്തമായത്.
പ്രമുഖ ശതകോടീശ്വരന്മാരുടെയും വ്യവസായികളുടെയും ഡീപ് ഫേക്ക് വീഡിയോകൾ വഴി ഈയിടെയായി വലിയ രീതിയിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ രണ്ട് പുതിയ ഡീപ്ഫേക്ക് വീഡിയോകൾ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തിറങ്ങിയിരുന്നു. നിക്ഷേപ പ്ലാറ്റ്‌ഫോമായ “ക്വാണ്ടം AI” സാങ്കേതികവിദ്യ ഉപയോഗിക്കുന്നയാൾക്ക് ആദ്യ പ്രവൃത്തി ദിവസം 3,000 ഡോളർ (ഏകദേശം 2.5 ലക്ഷം രൂപ) സമ്പാദിക്കാൻ കഴിയുമെന്ന് നാരായണ മൂർത്തി വെളിപ്പെടുത്തുന്ന രീതിയിലുള്ള ഡീപ് ഫേക്ക് വീഡിയോ ആണ് തട്ടിപ്പ് സംഘം പുറത്തിറക്കിയിട്ടുള്ളത്.









Discussion about this post