എറണാകുളം: സിനിമകൾക്കെതിരെ റിവ്യൂ ബോംബിംഗ് നടത്തുന്ന യൂട്യൂബർമാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർമ്മാതാക്കൾ. ഇവർക്കെതിരെ ഇഡിയ്ക്ക് പരാതി നൽകാൻ ആണ് നിർമ്മാതാക്കളുടെ തീരുമാനം. സിനിമകൾക്കെതിരെ നെഗറ്റീവ് റിവ്യൂ നൽകാതിരിക്കാൻ യൂട്യൂബർമാർ വൻതുക ആവശ്യപ്പെടുന്നുണ്ടെന്നാണ് നിർമ്മാതാക്കളുടെ പരാതി.
മലയാളത്തിലെ മുൻനിര സിനിമാ റിവ്യൂ യൂട്യൂബർമാർക്കെതിരെയാണ് നിർമ്മാതാക്കൾ ഇഡിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഇവർ നടത്തുന്ന പണമിടപാടുകളുടെ വിശദാംശങ്ങളും യൂട്യൂബിൽ നിന്നുള്ള വരുമാനവും അന്വേഷിക്കണമെന്ന് നിർമ്മാതാക്കൾ ഇഡിയോട് ആവശ്യപ്പെടും. ഇടനിലക്കാർ മുഖേനയാണ് യൂട്യൂബർമാർ പണം കൈപ്പറ്റുന്നത് എന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.
സിനിമകളുടെ ഡിജിറ്റൽ പ്രമോഷൻ നടത്തുന്നവരാണ് യൂട്യൂബർമാരുടെ ഇടനിലക്കാർ. തുക പറഞ്ഞ് ധാരണയാക്കുന്നതും പണം കൈപ്പറ്റുന്നതുമെല്ലാം ഇവരാണ്. എന്നാൽ എവിടെ നിന്നുമാണ് ഇവർ പണം കൈപ്പറ്റി കൈമാറുന്നതുമെന്നകാര്യത്തിൽ വ്യക്തതയില്ല.
അടുത്തിടെ മോശം റിവ്യൂ പറയാതിരിക്കാൻ പണം ആവശ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയ്ക്ക് പരാതി നൽകാനൊരുങ്ങുന്നത്. നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ അഞ്ച് ലക്ഷം രൂപവരെയാണ് ആവശ്യപ്പെടുന്നത് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
Discussion about this post