എറണാകുളം: രാജ്യത്തെ ഏറ്റവും മികച്ച പാസ്‌പോർട്ട് ഓഫീസ് ആയി കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ്. ഇതേ തുടർന്ന് ഏറ്റവും മികച്ച പാസ്‌പോർട്ട് ഓഫീസിന് കേന്ദ്രസർക്കാർ നൽകുന്ന പുരസ്‌കാരം ലഭിച്ചു. വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിലാണ് കൊച്ചി പാസ്‌പോർട്ട് ഓഫീസ് നിർണായക നേട്ടം സ്വന്തമാക്കിയത്.
കാര്യക്ഷമമായ പ്രവർത്തനമാണ് കൊച്ചി പാസ്‌പോർട്ട് ഓഫീസിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്. പോയവർഷം ആറ് ലക്ഷത്തിലധികം പാസ്‌പോർട്ടുകളും 1, 10,000 ൽ അധികം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുമാണ് കൊച്ചി ഓഫീസ് കൈകാര്യം ചെയ്തത്. പ്രതിദിനം 3,700 ഓളം പാസ്‌പോർട്ട് സംബന്ധമായ അപേക്ഷകളും കൊച്ചി ഓഫീസിന് കീഴിലുള്ള സേവാ കേന്ദ്രങ്ങളിൽ എത്തിയിരുന്നു. ഇവയുമായി ബന്ധപ്പെട്ട തുടർനടപടിക്രമങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഓഫീസിന് കഴിഞ്ഞു.
അപേക്ഷകർക്ക് സ്ലോട്ടുകൾ ഓൺലൈൻ ആയി നൽകി കൊച്ചി മാതൃകയായിരുന്നു. ഇതിന് പുറമേ അഭിമുഖത്തിന് ശേഷം പാസ്‌പോർട്ട് പ്രിന്റ് അയക്കുന്നതിന് എടുക്കുന്ന കുറഞ്ഞ സമയവും കേന്ദ്രത്തിന് നേട്ടമായി. കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനും അപേക്ഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കൊണ്ടുവന്ന സോഷ്യൽ മീഡിയ സെല്ലും നേട്ടത്തിന് കാരണം ആയി.
ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് ആണ് പുരസ്‌കാരം കൈമാറിയത്. പാസ്‌പോർട്ട് ഓഫീസിന് വേണ്ടി ഓഫീസർ ടിആർ മിഥുൻ അവാർഡ് ഏറ്റുവാങ്ങി. കൊച്ചിയിലെ രണ്ട് ഓഫീസർമാർക്ക് മികച്ച സേവനത്തിനുള്ള പുരസ്‌കരാവും ലഭിച്ചു.
Discussion about this post