ഭോപ്പാൽ : ബിജെപിയിൽ ചേർന്നു എന്ന കാരണത്താൽ ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് നടന്നത്. ഭാര്യയുടെ പരാതിയെ തുടർന്ന് പോലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതി അബ്ദുൾ ആസിഫ് മൻസൂരിക്കും ഇയാളുടെ മാതാവ്, സഹോദരിമാർ എന്നിവരടങ്ങിയ കുടുംബത്തിനും എതിരെ പോലീസ് കേസെടുത്തു.
എട്ടുവർഷം മുൻപാണ് അബ്ദുൾ ആസിഫ് മൻസൂരിയും പരാതിക്കാരിയായ യുവതിയും തമ്മിൽ വിവാഹിതരായിരുന്നത്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇരയായ യുവതി ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും പ്രവർത്തനങ്ങൾ ആണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത് എന്നാണ് യുവതി വ്യക്തമാക്കുന്നത്. എന്നാൽ ബിജെപിയിൽ ചേർന്ന വിവരമറിഞ്ഞപ്പോൾ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് തന്നെ മർദ്ദിച്ച ശേഷം മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിവാക്കിയെന്നും യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്നു.
ഭർത്താവും ഭർതൃമാതാവും രണ്ട് സഹോദരിമാരും ചേർന്ന് തന്നെ നേരത്തെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കാറുണ്ടായിരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. വിവാഹസമയത്ത് വധുവിന്റെ വീട്ടിൽ നിന്നും സ്ത്രീധനമായി 5 ലക്ഷം രൂപ നൽകിയത് കുറഞ്ഞുപോയി എന്ന് പറഞ്ഞായിരുന്നു യുവതിയെ മർദ്ദിച്ചിരുന്നത്.
ഇരയുടെ ഭർത്താവിനും കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കുമെതിരെ ഐപിസി സെക്ഷൻ 498 എ, 294, 34, സ്ത്രീധന നിയമത്തിലെ സെക്ഷൻ 3/4, മുസ്ലീം സ്ത്രീകളുടെ സെക്ഷൻ 4 (അവകാശ സംരക്ഷണം) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post