പച്ചക്കറികൾ പോലെ തന്നെ നമ്മുടെ അടുക്കളയിൽ സ്ഥിരമായി സ്ഥാനം പിടിച്ച ഒന്നാണ് മുട്ട. ഞൊടിയിടയിൽ പാകം ചെയ്ത് കഴിക്കാം എന്നതാണ് മുട്ടയെ പ്രിയങ്കരമാക്കുന്നത്. പ്രോട്ടീനിന്റെ കലവറയായ മുട്ട എല്ലാ ദിവസും കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ് താനും. പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്നത് കൊണ്ടു തന്നെ കൂട്ടമായാണ് കടയിൽ നിന്നും മുട്ട വാങ്ങാറ്. തട്ടി മുട്ടി പൊട്ടാതിരിക്കാൻ ഇത് നാം സൂക്ഷിക്കുന്നത് ആകട്ടെ ഫ്രിഡ്ജിലും. ഇങ്ങനെ ഫ്രിഡ്ജിൽ മുട്ട സൂക്ഷിക്കുന്നത് നല്ലതാണോ?. നമുക്ക് നോക്കാം.
മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇങ്ങിനെ സൂക്ഷിക്കുന്നതിലും വേണം കരുതൽ. അല്ലാത്ത പക്ഷം മുട്ട മനുഷ്യശരീരത്തിന് ഗുണത്തേക്കാൾ ഏറെ ദോഷമാകും ചെയ്യുക. പുതിയ മുട്ടകൾ നാലാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇതിന് മുൻപ് തന്നെ എടുത്ത് ഉപയോഗിക്കുന്നത് ആണ് ഉത്തമം. പൊട്ടിച്ച മുട്ട് രണ്ട് ദിവസം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാവു. പുഴുങ്ങിയ മുട്ട ഒരാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിൽ കുഴപ്പമില്ല.
മുട്ട ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കഴുകാതിരിക്കാൻ ശ്രദ്ധിക്കണം. നനവ് ഇരുന്നാൽ മുട്ട എളുപ്പത്തിൽ കേട് വന്നേക്കാം. അതിനാൽ മുട്ടകൾ കഴുകാതെ വേണം സൂക്ഷിക്കാൻ. നനവ് ഉണ്ടെങ്കിൽ തുണി ഉപയോഗിച്ച് മുട്ടകൾ തുടച്ച ശേഷം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാവൂ. മുട്ട കൂടുതൽ കാലം ഫ്രിഡ്ജിൽ സൂക്ഷിക്കണം എങ്കിൽ എണ്ണ തേച്ച് വയ്ക്കുന്നത് നല്ലതാണ്.
ഫ്രിഡ്ജിൽ നിന്നും എടുക്കുന്ന തണുത്ത മുട്ട അപ്പോൾ തന്നെ പാകം ചെയ്യാനായി ഉപയോഗിക്കരുത്. തണുപ്പ് മാറിയിട്ട് വേണം ഉപയോഗിക്കാൻ. അല്ലെങ്കിൽ ആരോഗ്യത്തിന് ദോഷം ചെയ്യും. എളുപ്പത്തിൽ അടിച്ച് നന്നായി പതപ്പിക്കാൻ കഴിയും എന്നത് ഫ്രിഡ്ജിൽ സൂക്ഷിച്ച മുട്ടയുടെ പ്രത്യേകതയാണ്.
Discussion about this post