കോഴിക്കോട് : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം. കോഴിക്കോട് ഫാറൂഖ് കോളേജ് ഇരുമീളിപ്പറമ്പ് സ്വദേശിയായ 12 വയസ്സുകാരനാണ് സംശയാസ്പദമായ രോഗലക്ഷണങ്ങൾ ഉള്ളത്. അമീബിക് മസ്തിഷ്കജ്വരം ആയിരിക്കാം എന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഫാറൂഖ് കോളേജിന് സമീപമുള്ള അച്ചംകുളത്തിൽ ഈ കുട്ടി കുളിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. അമീബിക് മസ്തിഷ്കജ്വരം എന്ന സംശയം ഉയർന്നതിനെ തുടർന്ന് ഈ കുളത്തിൽ കുളിച്ച മറ്റുള്ളവരുടെ വിവരങ്ങൾ കൂടി തേടുകയാണ് ആരോഗ്യ പ്രവർത്തകർ. സ്രവം പരിശോധനയുടെ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ 12 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാവൂ എന്ന് ഡോക്ടർമാർ അറിയിച്ചു.
ശുദ്ധജലത്തിലും തടാകങ്ങളിലും നദികളിലും സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾ മൂലമുണ്ടാകുന്ന അപൂർവവും മാരകവുമായ കേന്ദ്ര നാഡീവ്യൂഹ അണുബാധയാണ് അമീബിക് മസ്തിഷ്കജ്വരം. പനി, തലവേദന, ഛർദ്ദി, ഓക്കാനം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ജൂൺ 12ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനിയായ പതിമൂന്നുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് പരിശോധന ഫലങ്ങൾ പുറത്തു വന്നപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്.
Discussion about this post