മുംബൈ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നായയ്ക്കായി സഹായം അഭ്യർത്ഥിച്ച് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ. തെരുവ് നായയ്ക്കായി രക്തദാതാവിനെയാണ് അദ്ദേഹം തേടുന്നത്. ടാറ്റ ട്രസ്റ്റിന് കീഴിലുള്ള മുംബൈയിലെ സ്‌മോൾ അനിമൽ ഹോസ്പിറ്റലിൽ കഴിയുന്ന നായയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ അഭ്യർഥന. മരണകാരണമാകും വിധം വിളർച്ചയും പനിയമുള്ള ഏഴുമാസം പ്രായമുള്ള നായയാണ് ആശുപത്രിയിലുള്ളത്. ഒന്നുമുതൽ 8വരെ വയസുപ്രായമുള്ള 25 കിലോയെങ്കിലും ഭാരമുള്ള നായ്ക്കളെയാണ് രക്തദാനത്തിനായി തേടുന്നത്.മുംബൈ, എനിക്ക് നിങ്ങളുടെ സഹായം വേണം.’ എന്നാണ് സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പ് ആരംഭിക്കുന്നത്.
രക്തദാനത്തിനായി ഉടമകൾക്ക് ബന്ധപ്പെടാനുള്ള നമ്പർ സഹിതമാണ് പോസ്റ്റ്. നായയുടെ രോഗാവസ്ഥയും ആവശ്യമായ സഹായവും അടങ്ങുന്ന പോസ്റ്റ് സ്റ്റോറിയായും പങ്കുവച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ മാർച്ചിലാണ് രത്തൻടാറ്റ മൃഗാശുപത്രി നാടിനായി സമർപ്പിച്ചത്.മുംബൈ മഹാലക്ഷ്മിയിലാണ് ടാറ്റ ട്രസ്റ്റ് സ്‌മോൾ അനിമൽസ് ഹോസ്പിറ്റൽ സ്ഥാപിച്ചിരിക്കുന്നത്. നായ്ക്കൾ, പൂച്ചകൾ, മുയലുകൾ എന്നുവേണ്ട എല്ലാ ചെറിയ വളർത്തുമൃഗങ്ങൾക്കും ഇവിടെ 24 മണിക്കൂറും അത്യാധുനിക ചികിൽസയും പരിചരണവും ലഭ്യമാകുന്നുണ്ട്.
അഞ്ച് നിലകളുള്ള മൃഗാശുപത്രി കെട്ടിടത്തിന്റെ നിർമ്മാണചെലവ് 165 കോടി രൂപയാണ്. ബ്രിട്ടീഷ് മൃഗ ഡോക്ടറായ തോമസ് ഹീത് കോട്ടാണ് ആശുപത്രിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുക.സോഫ്റ്റ് ടിഷ്യു, ഓർത്തോപീഡിക് സർജറികൾ ഉൾപ്പെടെ നടത്താവുന്ന നാല് ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു, ഐ ഡിപ്പന്റൻസി, ജനറൽ വാർഡുകൾ, എംആർഐ, സിടി, എക്‌സ്‌റേ, അൾട്രാസൌണ്ട് സ്‌കാൻ സൗകര്യങ്ങൾ, പതോളജി വിഭാഗം, ഡെന്റൽ, ഒഫ്താൽമോളജി എന്നുവേണ്ട, ത്വക് രോഗ വിഭാഗമടക്കം എല്ലാ അത്യാധുനിക ചികിത്സയും ഇവിടെ ലഭ്യം












