ന്യൂഡൽഹി : ലോക്സഭാ സ്പീക്കർ ഓം ബിർളയെ നേരിൽ സന്ദർശിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞദിവസം സ്പീക്കർ സഭയിൽ നടത്തിയ അടിയന്തരാവസ്ഥ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് രാഹുൽ അഭിപ്രായപ്പെട്ടു. അത് തീർത്തും രാഷ്ട്രീയപരമായ ഒരു പരാമർശം ആയിരുന്നു എന്നും സ്പീക്കറോട് രാഹുൽ പരിഭവം പങ്കുവെച്ചു.
എസ്പിയുടെ ധർമേന്ദ്ര യാദവ്, ഡിഎംകെയുടെ കനിമൊഴി, എൻസിപിയിലെ സുപ്രിയ സുലെ, ടിഎംസിയുടെ കല്യാൺ ബാനർജി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം സ്പീക്കർ ഓം ബിർളയെ സന്ദർശിക്കാൻ എത്തിയിരുന്നു. ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനെ അപലപിക്കുന്ന പ്രമേയം സ്പീക്കർ സഭയിൽ വായിച്ചിരുന്നത്.
ഭരണഘടനയ്‌ക്കെതിരായ ആക്രമണമായിട്ടാണ് സ്പീക്കർ അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധി നടത്തിയ സ്വേച്ഛാധിപത്യമാണ് അടിയന്തരാവസ്ഥ എന്നും സ്പീക്കർ സൂചിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സഖ്യം സഭയിൽ ബഹളം സൃഷ്ടിക്കുകയും നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
Discussion about this post