തിരുവനന്തപുരം: സിപിഎമ്മിന്റെ നയം മദ്യനിരോധനമല്ല, മദ്യ വര്‍ജനമാണെന്നും, എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന മദ്യനയം പ്രകടനപത്രികയില്‍ വ്യക്തമാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സംസ്ഥാനത്ത് മദ്യ നിരോധനം പ്രാവര്‍ത്തികമല്ല. സമ്പൂര്‍ണ മദ്യ നിരോധനം എന്നത് അര്‍ഥശൂന്യമായ കാര്യമാണെന്നും അട്ടപ്പാടിയില്‍ പരാജയപ്പെട്ട കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതായിരിക്കും തങ്ങളുടെ നയം. കള്ളുചെത്തു വ്യവസായത്തിനു മുന്‍ഗണന നല്‍കും. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യും- കോടിയേരി പറഞ്ഞു.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി സിപിഎം നേതാക്കളെ ജയിലില്‍ അടയ്ക്കാനുള്ള ശ്രമത്തിലാണ്.നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു പി. ജയരാജനെ ജയിലില്‍ അടച്ചുകൊണ്ട് കണ്ണൂരില്‍ ഇടതുപക്ഷത്തെ തകര്‍ക്കാനാണ് ശ്രമം. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ഒത്തു കളിക്കുകയാണ്. ജയരാജനെതിരെ യുഎപിഎ ചുമത്തിയതു രമേശ് ചെന്നിത്തലയാണ്.
ജയരാജനെ ജയിലില്‍ അടച്ചതു കൊണ്ട് ഇടതു മുന്നേറ്റം തടയാനാവില്ല. രാജ്‌നാഥ് സിങ്ങും ചെന്നിത്തലയും ഭായി ഭായി കളിക്കുകയാണ്. ഈ കേസില്‍ ഇനി എന്തു വേണമെന്ന് നിയമ വിദഗ്ധരുമായി ആലോചിച്ചു പാര്‍ട്ടി തീരുമാനം എടുക്കുമെന്നും കോടിയേരി പറഞ്ഞു.
സിപിഎംകാര്‍ പ്രതിയായ കേസില്‍ ഒരു സമീപനവും, ബിജെപിക്കാര്‍ പ്രതിയായ കേസില്‍ മറ്റൊരു സമീപനവുമാണ് കേരള പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post