ഇടുക്കി : ആറുമാസം മുൻപ് കഴിച്ച ബീഫിൽ പീസ് കുറഞ്ഞു പോയി എന്ന പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ ആക്രമണം. ഇടുക്കി ഉടുമ്പൻചോലയിൽ ആണ് സംഭവം. ഹോട്ടൽ ഉടമ ചെമ്മണ്ണാർ കൊച്ചുപുരയ്ക്കൽ വാവച്ചൻ മാണിക്കാണ് മർദ്ദനമേറ്റത്.
ഹോട്ടലിൽ റൂം അന്വേഷിച്ച് എത്തിയ മൂന്നംഗ സംഘമാണ് ഹോട്ടൽ ഉടമയെ മർദ്ദിച്ചത്. മദ്യപിച്ചായിരുന്നു ഈ സംഘം ഹോട്ടലിൽ എത്തിയിരുന്നത്. ആറുമാസങ്ങൾക്ക് മുൻപ് തങ്ങൾ ഈ ഹോട്ടലിൽ എത്തിയപ്പോൾ കഴിച്ച ബീഫിൽ പീസിന്റെ എണ്ണം കുറവായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു സംഘം ആക്രമണം തുടങ്ങിയത്.
മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഹോട്ടൽ ഉടമയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post