ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ നടത്തിയ തിരച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹ ഭാഗങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. എല്ലുകളുടെ ചില ഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കൾ ആണ് കണ്ടെടുത്തത്. സെപ്റ്റിക് ടാങ്കിനുള്ളിൽ വിശദമായ പരിശോധന തുടരുകയാണ്.
മാന്നാർ സ്വദേശിനിയും 20 കാരിയുമായ കലയെ ആണെ കാണാതെ ആയത്. 15 വർഷങ്ങൾക്ക് മുൻപായിരുന്നു സംഭവം. ഇത്രയും വർഷങ്ങൾക്ക് ശേഷം നടത്തുന്ന പരിശോധനയിൽ മൃതദേഹത്തിന്റെ ചെറിയ അവശിഷ്ടങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് അന്വേഷണ സംഘവും പറയുന്നത്.
കലയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിനുള്ളിൽ കുഴിച്ചിട്ടുവെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരം. സംഭവത്തിൽ കലയുടെ ഭർത്താവിന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കലയുടെ ഭർത്താവ് അനിലിനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. എന്നാൽ സംഭവത്തിൽ അനിലിനും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസിൽ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. കലയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവർ. കലയെ കാണാതായതിന് പിന്നാലെ മറ്റെരാൾക്കൊപ്പം പോയി എന്നായിരുന്നു അനിൽ പറഞ്ഞിരുന്നത്. നിലവിൽ ഇസ്രായേലിൽ ആണ് അനിൽ ഉള്ളത്. ഇയാളോട് നാട്ടിലെത്താൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.












