റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്താൻ ഒരുങ്ങി ഹേമന്ത് സോറൻ. നിലവിലെ മുഖ്യമന്ത്രി ചമ്പായി സോറൻ രാജി വെച്ചേക്കും. ചമ്പായി സോറന്റെ വീട്ടിൽനടന്ന ഇന്ത്യ സഖ്യയോഗത്തിൽ ഹേമന്ത് സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തുവെന്നാണ് വിവരം. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജേഷ് ഠാക്കൂറും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിറും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇന്ന് രാത്രി എട്ടുമണിയോടെ ചമ്പായി സോറൻ രാജി നൽകിയേക്കും. ജെ.എം.എമ്മിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാണ് നിലവിൽ ഹേമന്ത് സോറൻ. ചമ്പായി സോറൻ മുഖ്യമന്ത്രി സ്ഥാനം രാജി വക്കുന്നതോടെ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന് ആണ് വിവരം. ഇന്ത്യസഖ്യ കോർഡിനേഷൻ കമ്മിറ്റി അധ്യക്ഷസ്ഥാനമോ, ജെ.എം.എം. വർക്കിങ് പ്രസിഡന്റ് സ്ഥാനമോ നൽകിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി അദ്ദേഹം ബിർസ മുണ്ട സെൻട്രൽ ജയിലിലായിരുന്നു. കേസില്‍ അറസ്റ്റില്‍ ആകുന്നതിനു തൊട്ട് മുന്‍പാണ് ഹേമന്ത് സോറൻ രാജി വച്ചത്. തുടർന്ന് ചമ്പായി സോറൻ ആ സ്ഥാനത്തേക്ക് വരുകയായിരുന്നു.
Discussion about this post