പാലക്കാട്: അഗളിയിൽ വൻ കഞ്ചാവ് വേട്ട. എക്‌സൈസ് നടത്തിയ പരിശോധനയിൽ 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ മുരുഗള ഊരിൽ നിന്നും ഉദ്ദേശം രണ്ടര കിലോമീറ്റർ തെക്കുമാറി സത്യക്കൽ പാറയുടെ മലയിടുക്കുകൾക്കിടയിൽ നിന്നായിരുന്നു ചെടികൾ കണ്ടെത്തിയത്. ട
പ്രദേശത്ത് കഞ്ചാവ് ചെടികൾ വളർത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ഒരുമാസ കാലമായി പ്രദേശം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു. വനംവകുപ്പിന്റെ കൂടി സഹായത്തോടെ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു പ്രദേശത്ത് പരിശോധന നടത്തിയത്.
81 തടങ്ങളിലായി ഒരു മാസം മുതൽ 3 മാസം വരെ പ്രായമുള്ള പല വലുപ്പത്തിലുള്ള ചെടികൾ ആയിരുന്നു നിന്നിരുന്നത്. വിപണിയിൽ ഇതിന് ഏകദേശം 10 ലക്ഷത്തോളം വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുമേഷ് പി എസ്,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജയരാജൻ ഇ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ആയ പ്രമോദ്,പ്രത്യുഷ്, നൗഫൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ,സുധീഷ് കുമാർ,വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ ഷീജ,ഫോറസ്റ്റ് ഓഫീസർമാരായ ഗായത്രി, കവിത, കാളിയമ്മ, കാളി മുത്തു എന്നിവർ പങ്കെടുത്തു.
സംഭവമായി ബന്ധപ്പെട്ട് അഗളി എക്‌സൈസ് എൻഡിപിഎസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സമീപകാലത്തെ ഏറ്റവും വലിയ വേട്ടയാണിത്.കഴിഞ്ഞ മാസം അഗളി റേഞ്ച് 436 കഞ്ചാവ് ചെടികൾ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ടി കേസിൽ അന്വേഷണം ഊർജിതമാക്കുമെന്നും സമാന കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ച് വരുകയാണെന്നും കൂടുതൽ പ്രദേശങ്ങളിൽ സമാനരീതിയിലുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു.












