ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ വോട്ടെടുപ്പിലൂടെ അംഗീകരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ. മേയർ വി.വി. രാജേഷിന്റെ കാസ്റ്റിങ് വോട്ടും പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലർ സുധീഷിന്റെ നിർണ്ണായക പിന്തുണയും ഉൾപ്പെടെ 51 വോട്ടുകൾ നേടിയാണ് ബിജെപി ഭരണസമിതി അവധി അപേക്ഷ പാസാക്കിയെടുത്തത്. കൗൺസിലർക്ക് അവധി അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷങ്ങളായ എൽഡിഎഫും യുഡിഎഫും ബാനറുകളും മുദ്രാവാക്യങ്ങളുമായി കൗൺസിൽ ഹാളിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധമുയർത്തി.
1994-ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം, കൗൺസിലിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിൽ അംഗത്തിന് അംഗത്വം നഷ്ടമാകും. നിലവിൽ തടവിൽ കഴിയുന്ന വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതന് തുടർച്ചയായി മൂന്നാമത്തെ യോഗത്തിലും പങ്കെടുക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ, ഈ നിയമം ഉയർത്തിക്കാട്ടി ബിജെപിയുടെ കേവലഭൂരിപക്ഷം തകർക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ ഭരണസമിതി കൃത്യമായ തന്ത്രങ്ങളിലൂടെ കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പ് പൂർത്തിയാക്കി അവധി അപേക്ഷ അംഗീകരിക്കുകയും, സുഗതന്റെ കൗൺസിലർ സ്ഥാനം നിലനിർത്തി കേവലഭൂരിപക്ഷം സുരക്ഷിതമാക്കുകയുമായിരുന്നു












