മുംബൈ : വിജയകിരീടം ചൂടിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് വൻ വരവേൽപ്പൊരുക്കി മുംബൈ. ജൂൺ 29 ന് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തമാക്കിയ ടി20 ലോകകപ്പ് വിജയം രാജ്യത്തെ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉണ്ടാക്കിയ ആഹ്ലാദത്തിരയിളക്കത്തിന്റെ നേർസാക്ഷ്യമാണ് ഇപ്പോൾ മുംബൈയിൽ കാണാൻ കഴിയുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് ഇന്ത്യയുടെ നീല ജേഴ്സി അണിഞ്ഞ് താരങ്ങളെ സ്വാഗതം ചെയ്യാൻ മുംബൈയിലെ നഗരവീഥിയിൽ ഒത്തുകൂടിയിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ ഒരു നീലക്കടൽ ആയി മാറിയിരിക്കുകയാണ് മുംബൈ മറൈൻഡ്രൈവ്. ബിസിസിഐ ആണ് ലോകകപ്പ് കിരീടവുമായി മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് മുംബൈയിൽ സ്വീകരണ ചടങ്ങ് ഒരുക്കിയിരിക്കുന്നത്. രാവിലെ ന്യൂഡൽഹിയിൽ എത്തിയ ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കുകയും അദ്ദേഹം ഒരുക്കിയ പ്രഭാത ഭക്ഷണവിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് വൈകിട്ടാണ് മുംബൈയിൽ ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ മുംബൈയിൽ താരങ്ങൾ വരുന്നത് പ്രമാണിച്ച് ഉണ്ടായ കനത്ത ട്രാഫിക് മൂലം വളരെ വൈകിയാണ് ഇന്ത്യൻ താരങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ ആയത് എങ്കിലും മുംബൈയിലെ ആ നീല ജനക്കൂട്ടം തങ്ങളുടെ വിജയതാരങ്ങളെ ഒരു നോക്ക് കാണാനായി ക്ഷമയോടെ തന്നെ കാത്തുനിൽക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്.
നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഐസിസി കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. അതോടൊപ്പം തന്നെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ആവേശമായ ടീമിലെ പ്രമുഖ താരങ്ങൾ രോഹിത് ശർമയും വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ടി20 മത്സരങ്ങളോട് വിട പറയുക കൂടി ചെയ്തിരിക്കുന്നു. ഈ അവസരത്തിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ നേരിൽ കാണാൻ കഴിയുക എന്നുള്ളത് ഓരോ ക്രിക്കറ്റ് ആരാധകരുടെയും സ്വപ്നം തന്നെയാണ്. എന്നാൽ അതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത് മുംബൈയിലെ ജനതയ്ക്കാണ്. മുംബൈ നഗരവീഥിയിലൂടെ ഒരു ഓപ്പൺ ബസ് റൈഡ്, വാംഖഡെയിൽ ഒരു ആഘോഷ പരിപാടി എന്നിവയെല്ലാമാണ് ബിസിസിഐ താരങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. നരിമാൻ പോയിൻ്റിൽ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്കുള്ള ഓപ്പൺ-ടോപ്പ് ബസ് യാത്രയിൽ ഉടനീളം സൂചി കുത്താൻ ഇടമില്ലാത്തവിധം റോഡ് തിങ്ങിനിറഞ്ഞ ഈ ആരാധകരാണ് യഥാർത്ഥത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സമ്മാനം.
Discussion about this post