മിലാൻ:എന്ത് കാര്യവും ബ്രാൻഡഡ് ഉത്പന്നങ്ങൾ മാത്രം മേടിക്കുന്ന ചിലരെ നമുക്കറിയാം. മികച്ച ഗുണമേന്മ, ബ്രാൻഡ് വാല്യൂ ഫാഷൻ തുടങ്ങിയ പല കാര്യങ്ങളും അവർക്ക് അതിനു വേണ്ടി പറയാനുണ്ടാകും. ബ്രാൻഡിന്റെ പേരിൽ ആണെങ്കിൽ എത്ര തുക വേണമെങ്കിലും ചിലവിടാൻ ഇത്തരക്കാർക്ക് മടിയും ഉണ്ടാകില്ല. എന്നാൽ ലക്ഷങ്ങൾ കൊടുത്ത് അത്തരക്കാർ വാങ്ങുന്ന വസ്തുക്കളിൽ ചിലതിന് റോഡരികിലെ കടയിൽ കിട്ടുന്നവയുടെ അത്രമാത്രമേ ചിലവ് ഉള്ളൂ എന്നറിഞ്ഞാൽ ഞെട്ടാത്തവരായി ആരും ഉണ്ടാകില്ല. അത്തരത്തിലൊരു ഞെട്ടലിന്റെ വാർത്തയാണ് ഇറ്റലിയിൽ നിന്നും പുറത്ത് വരുന്നത്.
ആഡംബര ബാഗ് വിപണിയിലെ ഒഴിച്ചു കൂടാത്ത ഒരു പേരാണ് ഇറ്റാലിയൻ നിർമ്മാതാക്കളായ ഡിയോറിന്റെത്. പക്ഷെ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഡിയോറിന്റെ ബാഗുകൾ നിർമ്മിക്കാൻ അതിന്റെ വിലയുടെ 20 ശതമാനം മാത്രമേ ചെലവാകുന്നുള്ളു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത് . ഡിയോറിൻ്റെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഇറ്റാലിയൻ പോലീസ് നടത്തിയ റെയ്ഡിൽ ആണ് ഈ കാര്യം വ്യക്തമായത്
എൽവിഎംഎച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ ബ്രാൻഡായ ഡിയോർ വെറും 57 ഡോളറിനാണ് ബാഗുകൾ നിർമ്മിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം . എന്നാൽ ഇവ വിൽക്കുന്നത് 2,780 ഡോളറിനും . അതായത് കരാറുകാർ നിർമ്മിച്ച് നൽകുന്ന ബാഗിന് ഡിയോർ നൽകുന്ന വില 4700 രൂപയാണ് എന്നാൽ ഏത് വിൽക്കുന്നതാകട്ടെ 2,32,400 രൂപയ്ക്കാണ്. പലമടങ്ങ് ലാഭം
അതുപോലെ, മറ്റൊരു ആഡംബര ബ്രാൻഡായ അർമാനിയും സമാനമായ കാര്യം ചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കരാറുകാർക്ക് ഒരു ബാഗിന് 99 ഡോളർ നൽകുമ്പോൾ അവർ അവരുടെ സ്റ്റോറുകളിൽ 1,900 ഡോളറിൽ കൂടുതൽ വിലയ്ക്കാണ് ഇത് വിൽക്കുന്നത്.
എന്നാൽ ഈ കാര്യങ്ങളൊക്കെ പോട്ടെന്ന് വെക്കാമായിരിന്നു. ലാഭം എത്ര വേണമെങ്കിലും കമ്പനികൾ എടുത്തോട്ടെ, മേടിക്കാൻ ആൾക്കാർ തയ്യാറാണെങ്കിൽ. എന്നാൽ കമ്പനി അവരുടെ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന രീതി കണ്ടാണ് ഇറ്റാലിയൻ പോലീസ് ഞെട്ടിയിരിക്കുന്നത്
രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത് . മോശമായ തൊഴിൽ സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. രാവും പകലും തൊഴിലാളികൾ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡാറ്റ ഉപയോഗിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തൊഴിലാളികളിൽ ഭൂരിഭാഗവും ചൈനീസ് അനധികൃത കുടിയേറ്റക്കാർ ആണെന്ന വിവരമാണ് പുറത്ത് വരുന്നത്. ശരിയായ രേഖകളില്ലാതെ ആണ് ഇവർ രാജ്യത്ത് താമസിക്കുന്നത്. ഉൽപ്പാദന പ്രക്രിയ വേഗത്തിലാക്കാൻ, ഗ്ലൂയിംഗ്, ബ്രഷിംഗ് മെഷീനുകളിലെ സുരക്ഷാ ഉപകരണങ്ങൾ അടക്കം കമ്പനി ഒഴിവാക്കി. ഉൽപ്പാദനത്തിലെ ഈ ചെലവ് ചുരുക്കൽ കാരണമാണ് ഉയർന്ന ലാഭം ഡിയോർ ഉണ്ടാക്കുന്നത് .
Discussion about this post