ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ്. ടി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മത്സരത്തിനിടെ ഉണ്ടായ അനുഭവങ്ങളും രാഹുൽ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
അഹമ്മദാബാദിലെ മത്സരത്തിനിടെ താങ്കളെ കാണാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. സമയം ഒട്ടും അനുകൂലമല്ലാത്ത സമയത്ത് ആയിരുന്നു താങ്കൾ ഞങ്ങളെ കാണാൻ എത്തിയത്. എന്നാൽ ഇന്ന് വലിയ സന്തോഷത്തിലാണ് തങ്ങൾ ഉള്ളത്. താങ്കളെ കാണാൻ കഴിഞ്ഞതോടെ സന്തോഷം ഇരട്ടിയായി.
മത്സരത്തിനിടെ രോഹിത് ശർമ്മയും മറ്റ് താരങ്ങളും മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. ഇതേക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. അതുകൊണ്ട് തന്നെ ഈ വിജയത്തിൽ മുഴുവൻ പങ്കും ഇവർക്കുള്ളതാണ്. അവർ ഒരുപാട് കഷ്ടപ്പെട്ടു. വരും തലമുറയ്ക്ക് ഇവർ പ്രചോദനം നൽകുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ആയിരുന്നു പ്രധാനമന്ത്രിയുമായി ക്രിക്കറ്റ് താരങ്ങൾ കൂടിക്കാഴ്ച നടത്തിയത്. മത്സരത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ക്രിക്കറ്റ് താരങ്ങളുടെ കുടുംബങ്ങൾക്കൊപ്പവും അദ്ദേഹം സമയം ചിലവഴിച്ചു.













Discussion about this post