ചെന്നൈ : ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡണ്ടിനെ വീടിനു മുൻപിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ സ്വദേശി കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പേരമ്പൂരിലുള്ള അദ്ദേഹത്തിന്റെ വീടിനു മുൻപിൽ ആണ് കൊലപാതകം അരങ്ങേറിയത്.
അജ്ഞാതരായ ആറംഗസംഘം ആണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കുറ്റവാളികളെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി. നിലവിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ചെന്നൈ കോർപ്പറേഷനിലെ മുൻ കൗൺസിലറായിരുന്നു മരിച്ച ആംസ്ട്രോങ്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഞെട്ടലുളവാക്കുന്ന സംഭവത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആംസ്ട്രോങ്ങിന് അനുശോചനങ്ങൾ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭരണത്തിന് കീഴിൽ കഴിഞ്ഞ മൂന്നു വർഷമായി കൊലപാതകങ്ങളും ആക്രമണങ്ങളും തുടർക്കഥയാവുകയാണെന്നും ജനങ്ങൾ ഇപ്പോൾ ഇത്തരം സംഭവങ്ങൾക്ക് ചിരപരിചിതരായി മാറിയെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
Discussion about this post