ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം ഗുരുതരമായി തുടരുന്നു. 30 ജില്ലകളിലായി 24.50 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. പലയിടങ്ങളിലെയും നദികൾ അപകടകരമായ രീതിയിൽ കരകവിഞ്ഞൊഴുകുകയാണ്. പല ഗ്രാമങ്ങളും ഇതോടെ വെള്ളത്തിനടിയിലായി.
52 ഓളം പേർക്കാണ് ഈ വർഷം വെള്ളപ്പൊക്കത്തിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്. ഉരുൾപൊട്ടലിലും ചുഴലിക്കാറ്റിലും പെട്ട്, 12 പേരാണ് മരിച്ചത്. എറ്റവും കൂടുതൽ വെള്ളപ്പൊക്കം ബാധിച്ചത് ദിബ്രുഗർ ജില്ലയിലാണ്. സംസ്ഥാനത്തെ 225ഓളം റോഡുകളാണ് താറുമാറായത്. പത്തോളം പാലങ്ങളും തകർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
ദിബ്രുഗർ ജില്ലയിൽ സന്ദർശനം നടത്തിയതിന് ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തുകയും സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യത്തെ കുറിച്ച് അവലോകനം ചെയ്യുകയും ചെയ്തിരുന്നു.
ആരോഗ്യനിധി ഉൾപ്പെടെയുള്ള ചികിത്സപദ്ധതികൾ ഉൾപ്പെടെയുള്ള വിവിധ കാര്യങ്ങളെ കുറിച്ച് വിലയിരുത്തൽ നടത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേകമായി ഒരു സ്‌കീമുകളിലും ഉൾപ്പെടാത്ത ആളുകളുടെ അപേക്ഷകൾക്കും മുൻഗണന കൊടുക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക ബാധിതരായ ആളുകളെ നേരിൽ കണ്ട മുഖ്യമന്ത്രി അവരുടെ പ്രശ്‌നങ്ങൾക്ക് ഉടനടി പരിഹാരം കാണാനയി അധികൃതർക്ക് നിർദേശം നൽകി.
Discussion about this post