തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ വിശദീകരണവുമായി തൃശൂർ നഗരസഭാ മേയർ എംകെ വർഗീസ്. പ്രശംസിച്ചതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണെന്നു പറഞ്ഞ അദ്ദേഹം, താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാർത്ത തെറ്റാണെന്നും വ്യക്തമാക്കി
ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സി.പി.ഐക്ക് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. നിയമസഭ തിരഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാവുന്നത് ചിന്തിച്ചിട്ടില്ലെന്നും എൽ.ഡി.എഫിനൊപ്പമാണ് താനെന്നും എം.കെ വർഗീസ് പറഞ്ഞു.
‘ഞാൻ കോർപ്പറേഷന്റെ മേയറാണ്. കോർപ്പറേഷന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാൽ താൻ പോകാൻ ബാധ്യസ്ഥനാണ്. തൃശ്ശൂരിന് പുരോഗതി അത്യാവശ്യമല്ലേ. ആ പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതികൾ തയ്യാറാക്കുന്നത് നല്ല കാര്യം. അതിനകത്ത് രാഷ്ട്രീയം എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. അദ്ദേഹം വലിയ പദ്ധതികൾ കൊണ്ടുവരട്ടെ എന്നാണ് എന്റെ അഭിപ്രായം. സുരേഷ് ഗോപിയുടെ മനസ്സിൽ വലിയ പദ്ധതികൾ ഉണ്ടെന്ന് എനിക്ക് മുമ്പും മനസ്സിലായിട്ടുണ്ട്. അദ്ദേഹത്തോട് സംസാരിക്കരുതെന്ന് പറയാൻ പറ്റുമോ’, എം.കെ. വർഗീസ് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി എം.പിയാവാൻ പ്രാപ്തനാണെന്ന തരത്തിൽ എം.കെ വർഗീസ് പറഞ്ഞിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മേയർക്കെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നിരുന്നു.
Discussion about this post