മുംബൈ : അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന സംഗീത് ചടങ്ങിൽ വിശിഷ്ടാതിഥികൾക്ക് മുൻപിൽ മാസ്മരിക പ്രകടനം കാഴ്ചവച്ച് പോപ് താരം ജസ്റ്റിൻ ബീബർ. മുംബൈയിലെ ബികെസിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അംബാനി വിവാഹത്തിന്റെ സംഗീത് ആഘോഷങ്ങൾ നടന്നത്. സംഗീത പരിപാടിക്ക് ശേഷം ശനിയാഴ്ച പുലർച്ചെ തന്നെ ജസ്റ്റിൻ ബീബർ യുഎസിലേക്ക് മടങ്ങി.
83 കോടി രൂപ ചിലവിട്ടാണ് അംബാനി കുടുംബം ജസ്റ്റിൻ ബീബറുടെ സംഗീത പരിപാടി ഒരുക്കിയിരുന്നത്. ജസ്റ്റിൻ ബീബർ ഇതുവരെ വാങ്ങിയതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. സ്വകാര്യ ആഘോഷവേദികളിൽ പാടുന്നതിനായി 20 കോടി മുതൽ 50 കോടി വരെ രൂപയാണ് സാധാരണഗതിയിൽ ജസ്റ്റിൻ ബീബറുടെ പ്രതിഫലം.
2022ൽ റാംസെ ഹണ്ട് സിൻഡ്രോം എന്ന അസുഖം ബാധിച്ചതിനു ശേഷം ജസ്റ്റിൻ ബീബർ നടത്തുന്ന ആദ്യത്തെ ലൈവ് സംഗീത പരിപാടിയാണ് അനന്ത് അംബാനിയുടെ സംഗീത് ചടങ്ങിൽ നടന്നത്. പ്രമുഖ ബോളിവുഡ് സെലിബ്രിറ്റികൾ അടക്കം നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ജൂലൈ 12ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വച്ചാണ് അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹം നടക്കുക.
Discussion about this post