ടെഹ്റാൻ : ഇറാന്റെ ഭരണ, സാംസ്കാരിക രംഗത്ത് പുതിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചന നൽകി പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പരിഷ്കരണ വാദിയായി അറിയപ്പെടുന്ന ഡോ. മസൂദ് പെസെഷ്‌കിയാൻ ഇറാൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച ഇബ്രാഹിം റെയ്‌സിക്ക് പകരമായി എത്തുന്നത് പുരോഗമന നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായിട്ടുള്ള വ്യക്തിയാണ് എന്നുള്ളത് ലോകം ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്. അസർബൈജാനി, കുർദിഷ് വംശജനാണ് ഇറാന്റെ പുതിയ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാൻ.
ഈ വർഷം മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇബ്രാഹിം റൈസിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ആയി ഇറാനിൽ നടത്തിയ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ആണ് വൻ ഭൂരിപക്ഷത്തോടെ ഡോ. മസൂദ് പെസെഷ്‌കിയാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കടുത്ത യാഥാസ്ഥിതികവാദിയായ എതിരാളി സയീദ് ജലീലിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് പെസെഷ്‌കിയാൻ ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഇറാനിൽ ഏറെ വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ച ഹിജാബ് നിയന്ത്രണത്തിൽ അടക്കം മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ പ്രസിഡന്റ് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്താനും ഡോ. മസൂദ് പെസെഷ്‌കിയാന്റെ ഭരണത്തിൻ കീഴിൽ ഇറാന് കഴിയും എന്ന് കരുതപ്പെടുന്നു.
1954ൽ ഇറാനിയൻ നഗരമായ മഹബാദിൽ അസർബൈജാനി-കുർദിഷ് ദമ്പതികളുടെ മകൻ ആയിട്ടാണ് മസൂദ് പെസെഷ്‌കിയാന്റെ ജനനം. ജനറൽ മെഡിസിനിൽ ബിരുദവും ജനറൽ സർജറിയിൽ ബിരുദാനന്തര ബിരുദവും ഇറാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് ഹൃദയ ശസ്ത്രക്രിയയിൽ സബ്‌സ്‌പെഷ്യാലിറ്റിയും നേടിയശേഷം വർഷങ്ങളോളം ഇറാനിലെ ഒരു പ്രശസ്ത കാർഡിയാക് സർജനായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് ഡോ. മസൂദ് പെസെഷ്‌കിയാൻ. 1997-ൽ രാഷ്ട്രീയ പ്രവേശനം നടത്തിയ പെസെഷ്‌കിയാൻ അഞ്ചുതവണ ഇറാൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിവിധ സർക്കാരുകളിൽ ആരോഗ്യ മന്ത്രിയായും ഡെപ്യൂട്ടി സ്പീക്കറായും സേവനമനുഷ്ഠിച്ച ശേഷമാണ് പെസെഷ്‌കിയാൻ ഇപ്പോൾ ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. പരിഷ്കരണ വാദിയായി അറിയപ്പെടുന്ന അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം പുലർത്തണമെന്ന് നേരത്തെയും മുൻ സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്.
Discussion about this post