മുംബൈ: വൈറൽ അണുബാധയെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്‌സൈഡ് കൊണ്ട് നെബുലൈസ് ചെയ്യാൻ നിർദേശിച്ചുകൊണ്ടുള്ള നടി സമാന്തയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടൻ വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റൺ താരവുമായ ജ്വാല ഗുട്ട. സമാന്തയുടെ ചികിത്സാരീതി പിന്തുടർന്ന് ആർക്കെങ്കിലും മരണം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം താരം ഏറ്റെടുക്കുമോ എന്നാണ് ജ്വാല ഗുട്ട ചോദിച്ചത്. എക്‌സിലൂടെയായിരുന്നു ജ്വാലയുടെ പ്രതികരണം.
‘തന്നെ പിന്തുടരുന്ന ധാരാളം ആളുകൾക്ക് മരുന്ന് നിർദേശിച്ച താരത്തിനോട് എന്റെ ഒരേയൊരു ചോദ്യം ചോദിക്കട്ടേ.. സഹായിക്കാനാണ് നിങ്ങളുടെ ഉദ്ദേശം എന്ന് മനസിലായി. ഒരു പക്ഷേ, നിങ്ങളുടെ ചികിത്സാരീതി ഫലം കാണതെ, ആരുടെയെങ്കിലും മരണത്തിന് കാരണമാകുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുമോ?- ജ്വാല ഗുട്ട ചോദിച്ചു.
ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യാൻ പറഞ്ഞ സമന്തയ്‌ക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ആരോഗ്യപരവും ശാസ്ത്രപരവുമായ കാര്യങ്ങളെ കുറിച്ച് നിരക്ഷരയായ വ്യക്തിയാണ് സമാന്തയെന്ന് ലിവർ ഡോക്ടർ എന്ന് അറിയപ്പെടുന്ന ഡോ സിറിയക് എബി ഫിലിപ്പും വിമർശനമുന്നയിച്ചിരുന്നു. നിരവധി ആളുകൾക്ക് പ്രചോദനമായ സമാന്തയെ പോലെയുള്ള ആളുകൾ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്നും താരത്തിന് കഠിനശിക്ഷ നൽകണമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
Discussion about this post