ന്യൂഡൽഹി : അടുത്തവർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടി20 ലോകകപ്പിന് സമാനമായ വിജയം ഇന്ത്യ നേടുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. രണ്ട് ടൂർണമെന്റുകളിലും രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക എന്നും ജയ് ഷാ വ്യക്തമാക്കി. ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ടീമിനെയും മുഖ്യപരിശീലകനെയും അഭിനന്ദിച്ചുകൊണ്ട് പങ്കുവെച്ച സന്ദേശത്തിലാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ടി20 ഫോർമാറ്റിൽ നിന്നും വിരമിച്ച താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവർക്ക് ലോകകപ്പ് വിജയം സമർപ്പിക്കുന്നതായും ജയ് ഷാ അറിയിച്ചു. ഈ വിജയം ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചാമ്പ്യൻസ് ട്രോഫിയും ഡബ്ല്യുടിസിയുമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ലക്ഷ്യം. ബാർബഡോസിൽ നേടിയ വിജയം അടുത്ത മത്സരങ്ങളിലും ആവർത്തിക്കുമെന്നും ജയ് ഷാ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ ടീമിന്റെ മൂന്നാമത്തെ ഐസിസി ഫൈനൽ ആയിരുന്നു ടി20 ലോകകപ്പ് ഫൈനൽ. കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലിലും ഏകദിന ലോകകപ്പിലും വിജയം നേടാൻ ആയില്ലെങ്കിലും ടി20 ലോകകപ്പ് വലിയ സന്തോഷം പകരുന്നതാണ്. അവസാന അഞ്ചു ഓവറുകൾ മത്സരത്തിൽ നിർണായകം ആയിരുന്നു. അതിനാൽ തന്നെ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് നന്ദി പറയുന്നതായും ജയ് ഷാ അറിയിച്ചു.
Discussion about this post