ചൈനയെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് കരുത്ത് പകർന്ന് സൊരാവർ ടാങ്കുകൾ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് ടാങ്കിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഉടൻ ഇന്ത്യൻ സേനയുടെ ഭാഗമാകാൻ പോകുന്ന സൊരാവർ ടാങ്കുകൾ കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ആകും വിന്യസിക്കുക.
ഗുജറാത്തിലെ ഹാസിറയിൽ ആയിരുന്നു ബാറ്റിൽ ടാങ്കുകൾ ആയ സൊരാവറിന്റെ പരീക്ഷണം. ഡിആർഡിഒയുമായി സഹകരിച്ച് ലാർസൻ ആന്റ് ടൂബ്രോ ലിമിറ്റഡാണ് ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്. ലഡാക്കിന്റെ അതിർത്തി മേഖലകളിലെ ചൈനീസ് ഭീഷണി പ്രതിരോധിക്കുകയാണ് ടാങ്കുകളുടെ പ്രധാന ലക്ഷ്യം.
25 ടൺ ആണ് സൊരാവർ ടാങ്കുകളുടെ ഭാരം. 105 എംഎം ഗണ്ണാണ് ശത്രുക്കൾക്ക് മേൽ നിറയൊഴിക്കാനായി ടാങ്കിൽ ഘടിപ്പിച്ചിട്ടുള്ളത്. ഓട്ടേലോഡ് സംവിധാനം ആണ് ടാങ്കിന്റെ പ്രത്യേകത. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ കരസേനയ്ക്ക് കരുത്താകുന്ന ടാങ്കാണ് സൊരാവർ. ഏത് സാഹചര്യത്തിലും പ്രവർത്തിപ്പിക്കാമെന്നത് സൊരാവറിനെ മറ്റ് ടാങ്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ചെങ്കുത്തായ മലനിരകൾ അനായാസം കയറാൻ ടാങ്കുകൾക്ക് കഴിയും. വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള കഴിവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. നിലവിൽ കരസേനയുടെ പക്കലുള്ള ടി 72, ടി 90 ടാങ്കുകളെക്കാൾ ഇക്കാര്യത്തിൽ ശേഷി സൊരാവറിനുണ്ട്.
ദോഗ്ര ജനറൽ ആയിരുന്ന സൊരാവർ സിംഗിന്റെ പേരാണ് ടാങ്കിന് നൽകിയിരിക്കുന്നത്. ലഡാക്കിലെയും പശ്ചിമ തിബറ്റിലെയും നിർണായക സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹം ആയിരുന്നു. ഇതിനോടുള്ള ആദരസൂചകമായിട്ടാണ് ടാങ്കിന് സൊരവാർ എന്ന പേര് നൽകിയത്.
ലഡാക്ക് അതിർത്തിയിൽ ചൈനയുമായുണ്ടായ സംഘർഷത്തിന് പിന്നാലെ ആയിരുന്നു ടാങ്കുകൾക്കായി കരസേന ആവശ്യം ഉന്നയിച്ചത്. ഇതിന് 2022 ൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വുസിഷൻ കൗൺസിൽ അനുമതി നൽകുകയായിരുന്നു. കേവലം രണ്ട് വർഷം കൊണ്ടാണ് ലാർസൺ ആന്റ് ടർബോ ടാങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രതിരോധ ആയുധത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.
പ്രാരംഭത്തിൽ 59 ടാങ്കുകളാണ് കരസേന ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷം കൂടുതൽ സേനയുടെ ഭാഗമാക്കും. തുടർ പരീക്ഷണങ്ങൾക്ക് ശേഷം 2027 ലായിരിക്കും സൊരാവർ ടാങ്കുകൾ ഔദ്യോഗികമായി കരസേനയ്ക്ക് കൈമാറുക. ഇേതാടെ ഇന്ത്യയെ ലക്ഷ്യമിടുമ്പോൾ ചൈന ഒന്ന് കൂടി ചിന്തിക്കുമെന്ന് ഉറപ്പാണ്.
Discussion about this post