ന്യൂഡൽഹി : രാജ്യത്ത് വിദേശ പ്രതിനിധികൾ വരുമ്പോൾ പ്രതിപക്ഷ നേതാവിനെ കാണാൻ അനുവദിക്കുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബിജെപി. രാഹുൽ ഗാന്ധിയുടെ പ്രസ്താവന നിരുത്തരവാദപരവും അസംബന്ധവും ആണെന്ന് ബിജെപി പ്രതികരിച്ചു. സർക്കാർ പ്രതിനിധികൾ അല്ലാതെ ആരെ കാണണം എന്നുള്ളത് വിദേശ പ്രതിനിധികളുടെ സംഘമാണ് തീരുമാനിക്കുന്നത് എന്നും ബിജെപി എംപി സാംബിത് പത്ര മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ഇന്ന് പറഞ്ഞത് തെറ്റാണെന്ന് മാത്രമല്ല, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് സാംബിത് പത്ര അഭിപ്രായപ്പെട്ടു. ഇന്ത്യൻ സർക്കാരിന് അരക്ഷിതാവസ്ഥ തോന്നുന്നുവെന്ന് രാഹുൽ പറയുന്നത് എന്തുകൊണ്ടാണ്? ഇന്ന് ഇന്ത്യ ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക സ്തംഭമാണ്. നമ്മുടെ രാജ്യത്തെ ഈ രീതിയിൽ വിലയിരുത്തുന്നത് ശരിയല്ല. ഒരു വിദേശ പ്രതിനിധി സംഘം ഇന്ത്യയിലേക്ക് വരുമ്പോൾ, സർക്കാർ ഉദ്യോഗസ്ഥരുമായും സർക്കാരുമായും കൂടിക്കാഴ്ചകൾ ക്രമീകരിക്കേണ്ടത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ പ്രതിനിധികൾക്ക് അപ്പുറം മറ്റാരെങ്കിലുമായും വിദേശ സംഘത്തിന് കൂടിക്കാഴ്ച നടത്തണമോ എന്നുള്ളത് വിദേശ പ്രതിനിധികൾ ആണ് തീരുമാനിക്കുന്നത്” എന്നും സാംബിത് പത്ര അറിയിച്ചു.









Discussion about this post