ന്യൂഡൽഹി : ഇന്ത്യയും റഷ്യയും ചേർന്ന് ഇന്ന് ഒരു പുതിയ അന്തർവാഹിനി കരാർ ഒപ്പുവെച്ചു. 2 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഈ കരാർ. പുതിയ കരാർ അനുസരിച്ച് റഷ്യയിൽ നിന്ന് ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ആക്രമണ അന്തർവാഹിനി ഇന്ത്യക്ക് പാട്ടത്തിന് ലഭിക്കുന്നതാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ന്യൂഡൽഹിയിൽ എത്താനിരിക്കെയാണ് ഏകദേശം പത്തുവർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷം ഇന്ത്യയും റഷ്യയും തമ്മിൽ ആണവ അന്തർവാഹിനി കരാർ ഒപ്പു വച്ചിരിക്കുന്നത്.
നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനും ഇന്തോ-പസഫിക്കിൽ ഇന്ത്യയുടെ തന്ത്രപരമായ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ് ഈ പുതിയ പ്രതിരോധ കരാർ. ഡീസൽ-ഇലക്ട്രിക് കപ്പലുകളേക്കാൾ വളരെ നൂതനമായവയാണ് ആണവ അന്തർവാഹിനികൾ. അവ വലിപ്പം കൂടുതലുള്ളവയും, കണ്ടെത്താൻ പ്രയാസമുള്ളവയുമാണ്. ആണവ അന്തർവാഹിനികൾക്ക് കൂടുതൽ നേരം വെള്ളത്തിൽ മുങ്ങിക്കിടക്കാനും, കൂടുതൽ നിശബ്ദമായി പ്രവർത്തിക്കാനും കഴിയും.
നവംബറിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ഒരു റഷ്യൻ കപ്പൽശാല സന്ദർശിച്ച് അന്തർവാഹിനി ഉൽപാദന കേന്ദ്രത്തിലെ പുരോഗതി അവലോകനം ചെയ്തിരുന്നു. ഇന്ത്യൻ നാവികസേനയിൽ നിലവിൽ സേവനത്തിലുള്ള രണ്ട് ആണവോർജ്ജ കപ്പലുകളേക്കാൾ വലുതായിരിക്കും ഈ പുതിയ ആക്രമണ അന്തർവാഹിനി. രണ്ട് വർഷത്തിനുള്ളിൽ അന്തർവാഹിനിയുടെ വിതരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.









Discussion about this post