ന്യൂഡൽഹി : പ്രതിപക്ഷ നേതാവായ തനിക്ക് വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം നൽകുന്നില്ലെന്ന് പരാതിയുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദിയ്ക്ക് അരക്ഷിതാവസ്ഥ ഉള്ളതുകൊണ്ടാണ് തന്നെ വിദേശ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കാത്തത് എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്ന് ന്യൂഡൽഹിയിലെത്തുന്ന അവസരത്തിലാണ് രാഹുൽഗാന്ധിയുടെ ഈ പ്രതികരണം.
മുൻ സർക്കാരുകളുടെ കാലത്തെല്ലാം രാജ്യത്ത് വിദേശ നേതാക്കൾ വരുമ്പോൾ പ്രതിപക്ഷ നേതാവുമായും കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു എന്ന് രാഹുൽ സൂചിപ്പിച്ചു. “ഇത്തരത്തിൽ
വിദേശ പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കുന്ന പാരമ്പര്യം സർക്കാർ ലംഘിക്കുകയാണ്. ഞാൻ വിദേശരാജ്യങ്ങളിൽ പോകുമ്പോഴും വിദേശ പ്രതിനിധികൾ കൂടികാഴ്ചയ്ക്ക് തയ്യാറാകാറില്ല. പ്രതിപക്ഷവുമായി ചർച്ച നടത്തരുത് എന്ന് ഇന്ത്യൻ സർക്കാരിന്റെ ഉത്തരവുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ അരക്ഷിതാവസ്ഥ കൊണ്ടാണ് പ്രതിപക്ഷവുമായി വിദേശ പ്രതിനിധികളെ അകറ്റിനിർത്തുന്നത്” എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന് വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകാത്തത് വിചിത്രം ആണെന്ന് എംപി പ്രിയങ്ക വദ്രയും അഭിപ്രായപ്പെട്ടു. മറ്റാരും ശബ്ദം ഉയർത്തുന്നത് കേൾക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ല. അവർ എന്തിനെയാണ് ഭയപ്പെടുന്നത് എന്ന് അറിയില്ല. എന്നാൽ മറ്റാരുടെയും അഭിപ്രായങ്ങൾ കേൾക്കാൻ അവർക്ക് താല്പര്യം ഇല്ല” എന്നും പ്രിയങ്ക വദ്ര സൂചിപ്പിച്ചു.









Discussion about this post