ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൾ മൊമിനാത്ത് വളരുന്നതായി അവകാശപ്പെട്ട് ജെയ്‌ഷെ തലവൻ മസൂദ് അസർ. 5000 ലേറെ അംഗങ്ങളെ സംഘടനയിൽ ചേർത്ത് പരിശീലനം നൽകിയതായി ജെയ്ഷ് തലവൻ വെളിപ്പെടുത്തി.
സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതായി സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് മസൂദ് അസർ വെളിപ്പെടുത്തിയത്. പാക്ക് അധിനിവേശ കശ്മീരിൽ ഈയടുത്ത ആഴ്ചകളിൽ 5000ത്തിലേറെ സ്ത്രീകൾ സംഘടനയുടെ ഭാഗമായെന്നാണ് അവകാശവാദം. മസൂദ് അസറിന്റെ സഹോദരി സയീദയാണ് ജമാത്തുൾ മൊമിനാത്തിനു നേതൃത്വം നൽകുന്നത്. മറ്റൊരു സഹോദരി സമൈറ അസ്ഹറും ഭീകരൻ ഉമർ ഫാറൂഖിന്റെ ഭാര്യ അഫീറ ഫാറൂഖും സംഘടനയുടെ നേതൃനിരയിലുണ്ട്.
ജില്ലാതലത്തിലാണ് സ്ത്രീകളെ കൂട്ടിച്ചേർക്കുന്നത്. ഓരോ ജില്ലയിലും പ്രത്യേക ഓഫിസും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുംതാസിമ എന്ന പേരിൽ കോഓഡിനേറ്ററും ഉണ്ട്.വനിതാ വിഭാഗത്തിലെ അംഗങ്ങൾക്കും ജയ്ഷെയിലെ പുരുഷ അംഗങ്ങൾക്ക് നൽകുന്നതു പോലുള്ള പരിശീലനം നൽകുമെന്ന് നേരത്തേ അസർ പറഞ്ഞിരുന്നു. പുരുഷൻമാർക്ക് 15 ദിവസത്തെ ‘ദൗറ-ഇ-തർബിയത്ത്’ പരിശീലനമാണ് നൽകുന്നത്. സമാനമായി സ്ത്രീകൾക്ക് ‘ദൗറ-ഇ-തസ്‌കിയ’ പരിശീലനമാണ് നൽകുക.
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ലക്‌നൗ സ്വദേശിയായ ഡോ. ഷഹീൻ ഷാഹിദ് ഈ സംഘനയിലെ അംഗമാണ്. ഇന്ത്യയിൽ ഭീകരസംഘടന വളർത്താൻ മസൂദ് അസറിന്റെ സഹോദരി സയീദ ചുമതലപ്പെടുത്തിയ ആളായിരുന്നു ഡോ. ഷഹീൻ.









Discussion about this post