റായ്പൂർ: ഛത്തീസ്ഗഡിൽ മുൻ സംഘടനാ നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ. സുക്മ ജില്ലയിലെ കിസ്തരാം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. സൻപേന്റ ഗ്രാമവാസിയും മുൻ കമ്യൂണിസ്റ്റ് ഭീകര നേതാവുമായ ബർസ് മാസയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. രാവിലെ പുറത്തുപോയ മാസയെ പിന്നീട് കാണാതെ ആയിരുന്നു. ഇതേ തുടർന്ന് വീട്ടുകാരും അയൽക്കാരും നടത്തിയ അന്വേഷണത്തിൽ ആയിരുന്നു മാസയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കൂർത്ത ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കപ്പെട്ട നിലയിൽ ആയിരുന്നു മൃതദേഹം.
2010ൽ ആയിരുന്നു മാസ കമ്യൂണിസ്റ്റ് ഭീകര സംഘടനയിൽ ചേർന്നത്. തുടർന്ന് സംഘടനയ്ക്കായി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് ഭീകര ആശയങ്ങളിൽ മനസ് മടുത്ത മാസ അടുത്തിടെ ഭീകരവാദം ഉപേക്ഷിക്കുകയായിരുന്നു. സർക്കാരിന്റെ പുന:രധിവാസ പദ്ധതിയുടെ ആനൂകൂല്യങ്ങൾ കൈപ്പറ്റി സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കൊലചെയ്യപ്പെട്ടത്.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന് വിവരങ്ങൾ ചോർത്തി നൽകുന്നുവെന്ന സംശയത്തെ തുടർന്നാണ് മാസയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. സംഘടനവിട്ടതിലുള്ള വൈരാഗ്യം ആണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും സൂചനയുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൃത്യം നടത്തിയ ഭീകരരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
Discussion about this post