തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി എത്രയെന്ന് ലോകത്തിന് വ്യക്തമാക്കി കൊണ്ട് ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയുടെ മദർഷിപ്പും വിഴിഞ്ഞം തുറമുഖത്തെത്തുന്നു. ആദ്യമെത്തുന്ന മദർഷിപ്പ് സാൻ ഫെർണാണ്ടോ 10ന് നങ്കൂരമിടുന്നതിനു തൊട്ടു പുറകെയാണ് ഇത് . ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ. 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ടിതിന്.എന്നാൽ ഇതിലും വലുതാണ് ജൂലായ് അവസാനം വരുന്ന എം.എസ്.സിയുടെ കപ്പൽ. ഇതിനു 400മീറ്ററിലേറെ നീളമുണ്ടാവും. ഇത്രയും വലിയ കപ്പലുകൾ നങ്കൂരമിടാൻ പ്രാപ്തിയുള്ള ഇന്ത്യയിലെ ഒരേയൊരു തുറമുഖമാണ് വിഴിഞ്ഞം.
ആദ്യഘട്ടത്തിൽ പ്രതിവർഷം 10ലക്ഷം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണസജ്ജമാവുമ്പോൾ പ്രാപ്തി വർദ്ധിച്ച് 30ലക്ഷമാവും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ചെടുത്ത നൂതനമായ സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും കപ്പലുകളെ നിയന്ത്രിക്കുക. എയർ ട്രാഫിക് കൺട്രോൾ മാതൃകയിലാണ് ഓട്ടമാറ്റിക്ക് നാവിഗേഷൻ സെന്റർ പ്രവർത്തിക്കുന്നത് . സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവർത്തനവുമെല്ലാം ഇത് വഴിയാണ് ചെയ്യുന്നത്. അങ്ങേയറ്റം സുരക്ഷയാണ് സോഫ്റ്റ്‌വെയർ വാഗ്ദാനം ചെയ്യുന്നത്.
Discussion about this post