തിരുവനന്തപുരം : നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെ സംബന്ധിച്ചാണ് വീണാ ജോർജിനെ പ്രതിപക്ഷം വിമർശിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയറ്ററിൽ വച്ച് പെൺകുട്ടിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ മൊഴി കൊടുത്ത ജീവനക്കാരിയെ ഇടുക്കിയിലേക്ക് മാറ്റിയ ടീമാണ് ആരോഗ്യമന്ത്രിയെന്നു സതീശൻ വിമർശിച്ചു.
ഹൈക്കോടതി ഇടപെട്ട് ജീവനക്കാരിയെ വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമിച്ചെങ്കിലും ആ ഉത്തരവും വച്ച് ജീവനക്കാരിയെ ഏഴുദിവസം വാതിൽക്കൽ ഇരുത്തിയ ആരോഗ്യമന്ത്രിയാണ് ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത് . 12 ക്രിമിനൽ കേസിലും കാപ്പാ കേസിലും പ്രതിയായ ഒരാളെ മാലയിട്ടു പാർട്ടിയിലേക്കു സ്വീകരിച്ച ഈ ആരോഗ്യമന്ത്രിയാണ് നിലപാടിനെക്കുറിച്ച് ഞങ്ങളോട് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പാർട്ടി അനുഭാവികളെയും പ്രവർത്തകരെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും പോലീസും സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
Discussion about this post