കണ്ണൂർ : കണ്ണൂരിലെ ഇരിക്കൂർ ഗ്രാമത്തിൽ മലയോര മേഖലയിലെ ജനങ്ങൾ നാട്ടിലെ തേക്കുമരങ്ങൾ കാരണം വലിയ ദുരിതത്തിലാണ് ആയിരിക്കുന്നത്. തേക്ക് മരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന പുഴുക്കൾ ആണ് ഇപ്പോൾ ഈ ഗ്രാമത്തിലെ ജനങ്ങളുടെ സ്വസ്ഥത നശിപ്പിച്ചിരിക്കുന്നത്. ഓരോ തേക്കുമരങ്ങളിലും കൂട്ടത്തോടെയുള്ള പുഴുക്കൾ മരങ്ങളുടെ ഇല മുഴുവൻ തിന്ന് തീർത്ത ശേഷം മണ്ണിലേക്ക് ഇറങ്ങുകയും സമീപപ്രദേശത്തുള്ള വീടുകളിലും മരങ്ങളിലും എല്ലാം കൂട്ടത്തോടെ എത്തിച്ചേരുകയും ആണ് ചെയ്യുന്നത്.
ഒരു പ്രത്യേക തരം നൂൽ പുറപ്പെടുവിച്ച് മരത്തിനു മുകളിൽ നിന്നും താഴോട്ട് ആടിയിറങ്ങുന്ന പുഴുക്കൾ ഇപ്പോൾ വഴിയാത്രക്കാർക്ക് പോലും വലിയ ശല്യമാണ് സൃഷ്ടിക്കുന്നത്. ഇവർ ശരീരത്തിൽ സ്പർശിച്ചാൽ ഉടൻ തന്നെ ചൊറിഞ്ഞു തടിക്കുകയും അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. പുഴുശല്യം കാരണം ആശുപത്രിയിൽ ചികിത്സ തേടിയവർ വരെ ഇപ്പോൾ ഈ ഗ്രാമത്തിൽ ഉണ്ട്. കൂട്ടം കൂടിയെത്തുന്ന ഇവ ഒറ്റ ദിവസം കൊണ്ട് തന്നെ വലിയ തേക്ക് മരങ്ങളുടെ പോലും ഇലകൾ മുഴുവനായി തിന്നു തീർക്കുകയാണ് ചെയ്യുന്നത്.
തേക്ക് മരങ്ങളിൽ നിന്നും താഴോട്ട് ഇറങ്ങി വരുന്ന പുഴുക്കൾ സമീപപ്രദേശങ്ങളിലെ വീടുകളുടെ കിണറുകളിൽ പോലും വന്നെത്തുന്നത് ജനങ്ങളെ ദുരിതത്തിൽ ആക്കുന്നു. നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലുള്ള ഈ പുഴുക്കൾ വീടിനകത്തുള്ള ഭക്ഷണത്തിൽ വരെ വന്നെത്തുന്നതായി നാട്ടുകാർ പരാതിപ്പെടുകയാണ്.
Discussion about this post