ബെയ്ജിംഗ് : അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയുമായി സഹകരിക്കാനും ചർച്ച നടത്താനും തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൻ്റെ പ്രത്യേക പ്രതിനിധിയുമായി അജിത് ഡോവലിനെ വീണ്ടും നിയമിച്ചതിനെ തുടർന്നുള്ള അഭിനന്ദന സന്ദേശത്തിലാണ് വാങ് യി ഇക്കാര്യം അറിയിച്ചത്.
കിഴക്കൻ ലഡാക്കിൽ അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും വാങ് യി അറിയിച്ചു. ഇന്ത്യയും ചൈനയുമായി മികച്ച ബന്ധം നിലനിർത്തുന്നത് ആഗോള പ്രാധാന്യം വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള സുപ്രധാന സമവായങ്ങൾ നടപ്പിലാക്കണമെന്നും വാങ് യി അഭിപ്രായപ്പെട്ടതായി ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിൻഹുവ വാർത്താ ഏജൻസി വ്യക്തമാക്കി.
2003-ൽ ആയിരുന്നു 3,488 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഇന്ത്യ-ചൈന അതിർത്തിയിലെ തർക്കം സമഗ്രമായി പരിഹരിക്കുന്നതിനായി പ്രത്യേക പ്രതിനിധി സംവിധാനം രൂപീകരിച്ചിരുന്നത്. ഇന്ത്യയുടെ എൻഎസ്എയുടെയും ചൈനീസ് വിദേശകാര്യ മന്ത്രിയുടെയും നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവന്നിരുന്നത്. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി സഹകരണ ചർച്ചകൾക്ക് തയ്യാറെന്ന് വ്യക്തമാക്കിയത്.
Discussion about this post