മുംബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ താരങ്ങൾ പാകിസ്താനിലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരത്തിന്റെ വേദി മാറ്റണമെന്നും ബിസിസിഐ അറിയിച്ചു. അടുത്തവർഷം നടക്കുന്ന ടൂർണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നത് പാകിസ്താനാണ്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്ക് വരാൻ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. മത്സരത്തിന്റെ വേദി ദുബായിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റണം എന്നാണ് ബിസിസിഐയുടെ ആവശ്യം. 2008 ന് ശേഷം ഇതുവരെ ഇന്ത്യ മത്സരത്തിനായി പാകിസ്താനിലേക്ക് പോയിട്ടില്ല.
ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് പാകിസ്താനിൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ലാഹോറിൽ ഏഴ്, റാവൽപിണ്ടിയിൽ അഞ്ച്, കറാച്ചിയിൽ മൂന്ന് എന്നിങ്ങനെയാണ് മത്സരങ്ങളുടെ ക്രമീകരണം. ഗദ്ദാഫി സ്റ്റേഡിയത്തിൽവച്ച് മാർച്ച് ഒന്നിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ നിലപാട് കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുക.
കഴിഞ്ഞ വർഷത്തെ ഏഷ്യാ ടൂർണമെന്റ് പാകിസ്താനിൽ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് പിന്നീട് ശ്രീലങ്കയിലേക്ക് വേദി മാറ്റുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യൻ താരങ്ങൾ പാകിസ്താനിൽ പോയി കളിക്കുന്നത് അവസാനിപ്പിച്ചത്. സുരക്ഷാ ഭീഷണി പരിഗണിച്ചായിരുന്നു ഈ തീരുമാനവും. എന്നാൽ കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിൽ മത്സരിക്കാൻ പാക് താരങ്ങൾ ഇന്ത്യയിൽ എത്തിയിരുന്നു. 2008 ന് ശേഷം 2012 ൽ ഇന്ത്യയും പാകിസ്താനും ചേർന്ന് ഉഭയകക്ഷി പരമ്പര കളിച്ചിട്ടുണ്ട്.
Discussion about this post