ന്യൂഡൽഹി : പ്രാവുകളുമായി അടുത്തിടപഴകുന്നത് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കിയേക്കാമെന്ന് മെഡിക്കൽ റിപ്പോർട്ട്. പ്രാവിൻ്റെ തൂവലുകളുമായും കാഷ്ഠങ്ങളുമായും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശരീരത്തിൽ അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടാക്കാൻ വലിയ സാധ്യതയാണ് ഉള്ളത് എന്നാണ് ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നത്. ഡൽഹിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു 11 വയസ്സുകാരന്റെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
കിഴക്കൻ ഡൽഹിയിൽ നിന്നുള്ള 11 വയസ്സുകാരനെ സർ ഗംഗാ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ ചുമ മാത്രം ഉണ്ടായിരുന്ന കുട്ടിക്ക് പിന്നീട് ശ്വാസന പ്രവർത്തനങ്ങൾ തകരാറിലായി ഗുരുതരാവസ്ഥയിൽ ആകുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ പ്രാവിൽ നിന്നുമുള്ള അലർജിയാണ് കുട്ടിയുടെ സ്ഥിതി വഷളാക്കിയതെന്ന് കണ്ടെത്തി.
ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണിറ്റിസ് (എച്ച്‌പി) എന്ന രോഗാവസ്ഥയാണ് ഈ 11 വയസ്സുകാരനിൽ കണ്ടെത്തിയിട്ടുള്ളത്. ഇത് പ്രാവിൻ്റെ പ്രോട്ടീനുകളോടുള്ള അലർജി ആണ്. നിരന്തരമായി പ്രാവുകളുമായി അടുത്തിടപഴകുന്നത് വഴി അലർജി പ്രശ്നങ്ങൾ ഗുരുതരമാകുന്നു. എച്ച്‌പി ഒരു വിട്ടുമാറാത്ത ഇൻ്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗമാണ്. ഈ അലർജി പ്രതിപ്രവർത്തനത്തിലൂടെ ശ്വാസകോശത്തിന് കേടുപാടുകൾ ഉണ്ടാകുകയും ശ്വസിക്കാൻ പ്രയാസം ഉണ്ടാവുകയും ചെയ്യുന്നു.
സാധാരണഗതിയിൽ മുതിർന്നവരിൽ കാണപ്പെടാറുള്ള ഈ പ്രതിപ്രവർത്തനം ഈയിടെയായി കുട്ടികളിലും കണ്ടെത്തുന്നതായി ഡോക്ടർമാരുടെ സംഘം വിലയിരുത്തി. ഈ സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കൾ ജാഗ്രത പാലിക്കണം എന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
Discussion about this post