ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി. കെജ്രിവാളിന്റെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണ്. മദ്യനയ കേസിലെ അറസ്റ്റിനെ തുടർന്ന് കെജ്രിവാളിന്റെ ഭാരം 8.5 കിലോ കുറഞ്ഞതായി ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ആരോപിച്ചു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 മില്ലിഗ്രാം/ഡിഎല്ലിൽ താഴെയായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ കെജ്രിവാളിനെ ഗുരുതരമായ രോഗം പിടിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണ്. ഇത് വളരെ ആശങ്കാജനകമാണ് എന്നും സഞ്ജയ് സിംഗ് പറഞ്ഞു.
മാർച്ച് 21 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമ്പോൾ കെജ്രിവാളിന്റെ ഭാരം 70 കിലോഗ്രാം ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാരം 61.5 കിലോയായി കുറഞ്ഞുവെന്നും പാർട്ടി ചൂണ്ടിക്കാട്ടി. പരിശോധനകളൊന്നും നടത്താത്തതിനാൽ അദ്ദേഹത്തിന്റെ ശരീരഭാരം നിരന്തരം കുറയുകയാണ്. ഇതിനുള്ള കാരണം കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല . ശരീരഭാരം കുറയുന്നത് ഗുരുതരമായ അസുഖത്തിന്റെ ലക്ഷണമാണെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു.
ഇഡി രജിസ്റ്റർ ചെയ്ത കേസിൽ വെള്ളിയാഴ്ചയാണ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത് .സിബിഐ രജിസ്റ്റർചെയ്ത അഴിമതിക്കേസിൽ ഡൽഹി കോടതി കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടിയിരുന്നു. ഇതിലും ജാമ്യം ലഭിച്ചെങ്കിൽ മാത്രമേ കെജ്രിവാളിന്റെ ജയിൽമോചനം സാദ്ധ്യമാകൂ.
Discussion about this post