ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിയിൽ വച്ച് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് പ്രതികരണം.”എൻ്റെ സുഹൃത്ത് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തിൽ അഗാധമായ ആശങ്കയുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ,” പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
“ഞങ്ങളുടെ മനസും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്ക്കും ഒപ്പമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
വധശ്രമത്തിൽ താൻ അതീവ ആശങ്കാകുലനാണെന്ന് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു.മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തിൽ ഞാൻ അഗാധമായ ഉത്കണ്ഠാകുലനാണ്. ഇത്തരം പ്രവൃത്തികളെ ഏറ്റവും ശക്തമായി അപലപിക്കേണ്ടതാണ്. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ,” അദ്ദേഹം എക്‌സിൽ പറഞ്ഞു.
ശനിയാഴ്ച പെൻസിൽവാനിയയിലെ ബട്‌ലറിൽ പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വധശ്രമം ഉണ്ടായത്. അക്രമി ഒന്നിലധികം റൗണ്ട് വെടിയുതിർത്തതിനാൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ വെടിവെച്ചുകൊന്നെങ്കിലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post