ചെന്നൈ : ബിഎസ്പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിലൊരാളെ എന്‍കൗണ്ടറിലൂടെ വെടിവെച്ച് കൊലപ്പെടുത്തി തമിഴ്നാട് പോലീസ്. ശനിയാഴ്ച രാത്രി പോലീസും പ്രതിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്നാണ് പോലീസ് പ്രതിക്ക് നേരെ വെടിവെപ്പ് നടത്തിയത്. പരിക്കേറ്റ ഇയാളെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു എന്നാണ് തമിഴ്നാട് പോലീസ് വ്യക്തമാക്കുന്നത്.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട 8 പ്രതികളിൽ ഒരാളായ തിരുവെങ്കടമാണ് കൊല്ലപ്പെട്ടത്. ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി കൊണ്ടുപോയ സമയത്താണ് പ്രതി പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. ആംസ്ട്രോങ്ങ് കൊലക്കേസ് അടക്കം മൂന്നു കൊലപാതക കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട തിരുവെങ്കടം.
പൊന്നൈ ബാലു, തിരുവെങ്കടം, രാമു, തിരുമലൈ, സെൽവരാജ്, മണിവർണ്ണൻ, സന്തോഷ്, അരുൾ എന്നീ എട്ട് പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികളിൽ ഒരാളായ ബാലുവിന്റെ സഹോദരൻ ആർക്കോട്ട് സുരേഷ് 2023ല്‍ കൊല്ലപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതികൾ വ്യക്തമാക്കിയിരുന്നത്. ആർക്കോട്ട് സുരേഷിന്റെ ജന്മദിനമായ ജൂലൈ 5നായിരുന്നു ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടത്.
Discussion about this post