ന്യൂഡൽഹി : ബിജെപി ദേശീയ അധ്യക്ഷനായി കേന്ദ്രമന്ത്രി ജെപി നദ്ദ തുടരും. ഡിസംബറോടെ മാത്രമായിരിക്കും ബിജെപി പുതിയ ദേശീയ അധ്യക്ഷനെ നിയമിക്കുക. ജെപി നദ്ദ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയും ഔദ്യോഗികമായി കാലാവധി അവസാനിക്കുകയും ചെയ്യുന്നതിനാൽ പുതിയ ദേശിയ അധ്യക്ഷനെ നിയമിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഡിസംബർ വരെ ജെപി നദ്ദ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി സെപ്തംബർ 15 വരെ നീണ്ടുനിൽക്കുന്ന സമഗ്രമായ അംഗത്വ യജ്ഞവും ജില്ലാ, സംസ്ഥാന ഘടകങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചു.
ഗുജറാത്തിൽ നിന്ന് രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ജെപി നദ്ദ മൂന്നാം നരേന്ദ്രമോദി സർക്കാരിൽ ആരോഗ്യം, രാസവസ്തുക്കൾ, വളം എന്നീ വകുപ്പുകളുടെ ചുമതല നിർവഹിക്കുന്ന കേന്ദ്രമന്ത്രിയാണ്. നവംബർ 1 മുതൽ നവംബർ 15 വരെ ബിജെപി മണ്ഡലം പ്രസിഡൻ്റുമാരുടെ തിരഞ്ഞെടുപ്പ് നടത്തും. തുടർന്ന് നവംബർ 16 മുതൽ നവംബർ 30 വരെ ജില്ലാ പ്രസിഡൻ്റ് തിരഞ്ഞെടുപ്പും നടക്കുന്നതായിരിക്കും.
Discussion about this post