തൃശ്ശൂർ : ഒരു ഇടവേളയ്ക്കുശേഷം തൃശ്ശൂരിൽ വീണ്ടും മിന്നൽ ചുഴലി. തൃശ്ശൂരിലെ ചാമക്കാല, എളവള്ളി മേഖലകളിലാണ് തിങ്കളാഴ്ച മിന്നൽ ചുഴലി ഉണ്ടായത്. അതിശക്തമായ കാറ്റിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകളും വൈദ്യുതി ലൈനുകളും പൊട്ടിവീണിട്ടുണ്ട്.
ചാമക്കാല, എളവള്ളി എന്നീ പ്രദേശങ്ങളിൽ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങളാണ് കടപുഴകി വീണത്. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ മിന്നൽ ചുഴലി ഏതാനും സെക്കന്റുകൾ മാത്രമാണ് നീണ്ടുനിന്നത്. ഓടിട്ട വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണാണ് മൂന്നു വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. ആർക്കും ആളപായമില്ല.
അതേസമയം എറണാകുളത്തും ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് അപകടമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിലാണ് മരം കടപുഴകി റോഡിലൂടെ പോയിരുന്ന വാഹനത്തിന് മുകളിലേക്ക് വീണത്. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറിനു മുകളിലേക്ക് ആയിരുന്നു മരം വീണത്. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
Discussion about this post