ജെറുസലേം :ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നിതിനിടെ പലസ്തീനിലെ അഭയാർത്ഥികൾക്കായി യുഎൻ എജൻസിക്ക് 2.5 മില്യൺ ഡോളർ നൽകി ഇന്ത്യ . പലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്കസ് ഏജൻസിയ്ക്കാണ് ഇന്ത്യ സംഭാവന കൈമാറിയത്.
2023- 24 വർഷത്തേക്കുള്ള 5 മില്യൺ യുഎസ് ഡോളറിന്റെ വാർഷിക സംഭവാനകളുടെ ഭാഗമായി ഇന്ത്യ യുഎൻആർഡബ്ല്യുഎയ്ക്ക് 2.5 മില്യൺ ഡോളർ നൽകിയതായി റാമല്ലയിലെ ഇന്ത്യൻ ഓഫീസ് പ്രതിനിധി അറിയിച്ചു.
പലസ്തീനിലെ ഇന്ത്യൻ പ്രതിനിധി രേണു യാദവ്, യുഎൻആർഡബ്ല്യുഎയുടെ എക്‌സ്റ്റേണൽ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പാർട്ണർഷിപ്പ് ഡയറക്ടർ കരീം അമേറിനാണ് സംഭാവന കൈമാറുക.
1950 മുതൽ രജിസ്റ്റർ ചെയ്ത പലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും പ്രവർത്തന പരിപാടികളും നടത്തുന്ന ഏജൻസിയാണ് യുഎൻആർഡബ്ല്യുഎ. ഈ പ്രതിസന്ധി സമയത്ത് ഇന്ത്യ സ്വീകരിച്ച നടപടി ഏറെ സ്വാഗതാർഹമാണെന്ന് ഏജൻസി വക്താവ് തമാര അൽറിഫെയ് പറഞ്ഞു. ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് പലസ്തീനിലെ നൂറ് കണക്കിന് ആളുകൾക്ക് അടിസ്ഥാന സേവനങ്ങൾ പോലും നൽകുന്നതിന് യുഎൻആർഡബ്ല്യു ബുദ്ധിമുട്ട് നേരിടുന്നുണ്ട്. യുദ്ധത്തെത്തുടർന്ന് ഗാസയിലെ ഏകദേശം 2.3 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗവും തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പാലായനം ചെയ്തു എന്ന് അവർ പറഞ്ഞു.
വർഷങ്ങളായി പലസ്തീൻ അഭയാർത്ഥികളുടെ ക്ഷേമത്തെയും പിന്തുണയ്ക്കുന്നതിന് 2023-24 വരെ 35 ദശലക്ഷം യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനങ്ങൾ എന്നിവയുൾപ്പെടെ യുഎൻ ഏജൻസിയുടെ പ്രധാന പരിപാടികൾക്കും സേവനങ്ങൾക്കുമായാണ് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നത്.
Discussion about this post