തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ആളുകൾ കുടുങ്ങി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറുമാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. എമർജൻസി അലാം മുഴങ്ങിയതോടെ ജീവനക്കാർ എത്തി ഇവരെ രക്ഷിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. സ്ട്രക്ചറിൽ കിടക്കുന്ന രോഗിയുമായി പോകുകയായിരുന്നു ഡോക്ടർ. ഇതിനിടെ സാങ്കേതിക തകരാറ് മൂലം ലിഫ്റ്റ് വഴിയിൽ നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെ എമർജൻസി അലാം മുഴങ്ങി. ഇതിനിടെ ഡോക്ടർ ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെട്ടു. 10 മിനിറ്റോളം സമയമെടുത്താണ് രോഗിയെയും ഡോക്ടറെയും ലിഫ്റ്റിൽ നിന്നും പുറത്തെടുത്തത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്ച ലിഫ്റ്റിൽ ഒപിയിൽ ഡോക്ടറെ കാണാൻ എത്തിയ രോഗി കുടുങ്ങിയിരുന്നു. ഇയാളെ രണ്ട് ദിവസം കഴിഞ്ഞാണ് ലിഫ്റ്റിനുള്ളിൽ നിന്നും രക്ഷിച്ചത്. സംഭവത്തെ തുടർന്ന് മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആളുകൾ ലിഫ്റ്റിൽ കുടുങ്ങിയത്.
തിരുമല സ്വദേശി രവീന്ദ്രൻ ആയിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്. 11ാം നമ്പർ ലിഫ്റ്റിൽ ആയിരുന്നു അദ്ദേഹം കുടുങ്ങിയത്. സഞ്ചരിക്കുന്നതിനിടെ ലിഫ്റ്റ് പൊടുന്നനെ ഇടിച്ച് നിൽക്കുകയായിരുന്നുവെന്ന് രവീന്ദ്രൻ പറഞ്ഞു. ഇതിന്റെ ആഘാതത്തിൽ ഫോൺ പൊട്ടി. ഇതോടെ ആരെങ്കിലും വന്ന് രക്ഷിക്കുമെന്ന് കരുതി അദ്ദേഹം ലിഫ്റ്റിനുള്ളിൽ തന്നെ കാത്തിരിക്കുകയായിരുന്നു.
Discussion about this post